വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത് നയന്‍താരയാണ്

ഒരു ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് മൂന്ന് വര്‍ഷത്തോളമാവുന്നു. 2018ലെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ 'സീറോ'യുടെ പരാജയത്തിനു പിന്നാലെ സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു കിംഗ് ഖാന്‍. അതിനുശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' ആണ് ഷാരൂഖ് ആദ്യമായി ചിത്രീകരണത്തില്‍ പങ്കെടുത്ത സിനിമ. ഇപ്പോഴിതാ അദ്ദേഹത്തിന് ഏറെ പ്രതീക്ഷയുള്ള മറ്റൊരു പ്രോജക്റ്റും ഇന്നലെ ആരംഭിച്ചു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത് നയന്‍താരയാണ്. 10 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ പൂനെയിലാണ് ആരംഭിച്ചിരിക്കുന്നത്. കിംഗ് ഖാന്‍റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്. പത്ത് ദിവസത്തിനു ശേഷം ലൊക്കേഷന്‍ മുംബൈ നഗരത്തിലേക്ക് ഷിഫ്റ്റ് ചെയ്യും. ആദ്യ ഷെഡ്യൂളിനു ശേഷം ഷാരൂഖ് ഖാന്‍ രാജ്‍കുമാര്‍ ഹിറാനി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഷാരൂഖിന്‍റെ സാന്നിധ്യം ആവശ്യമില്ലാത്ത രംഗങ്ങള്‍ ഈ ഇടവേളയില്‍ ആറ്റ്ലി പൂര്‍ത്തിയാക്കും.

Scroll to load tweet…

ചെന്നൈയിലെ ഒരു ഐപിഎല്‍ വേദിയില്‍ വച്ചാണ് കിംഗ് ഖാനും ആറ്റ്ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ആറ്റ്ലിക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന ഷാരൂഖ് ഒരു ഒറിജിനല്‍ സ്ക്രിപ്റ്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതേസമയം ഏറെനാള്‍ നീണ്ട പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്കു ശേഷമാണ് ആറ്റ്ലി ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. പ്രിയാമണി, റാണ ദഗുബാട്ടി, പ്രിയാമണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കിംഗ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു ആദ്യം പുറന്നുതന്ന റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona