Asianet News MalayalamAsianet News Malayalam

റോ ഉദ്യോഗസ്ഥനാവാന്‍ കിംഗ് ഖാന്‍; സംവിധാനം ആറ്റ്ലി

അതേസമയം രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് അടുത്ത് അഭിനയിക്കാനിരുന്നതെന്നും ചിത്രം ഈ വര്‍ഷാവസാനം ഷൂട്ട് ചെയ്യാനിരുന്നതാണെന്നുമാണ് വിവരം

shahrukh khan to play raw agent in atlee kumar movie
Author
Thiruvananthapuram, First Published Aug 29, 2020, 1:20 PM IST

2018 ക്രിസ്‍മസിന് പ്രദര്‍ശനത്തിനെത്തിയ 'സീറോ'യ്ക്കു ശേഷം സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. അതിനുശേഷം ഔദ്യോഗികമായി ഒരു അനൗണ്‍സ്‍മെന്‍റ് പോലും അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയിട്ടില്ല. എന്നാല്‍ മൂന്ന് സംവിധായകരുടെ പേരുകള്‍ ഷാരൂഖിന്‍റെ ഭാവി പ്രോജക്ടുകളുടെ നിരയില്‍ കേട്ടിരുന്നു. രാജ്‍കുമാര്‍ ഹിറാനി, ആറ്റ്ലി, ആഷിക് അബു എന്നിവരുടെ പേരുകളാണ് പല സമയത്തായി ചര്‍ച്ചയായത്. ഇപ്പോഴിതാ ഇതില്‍ ആറ്റ്ലി ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിംഗ് ഖാന്‍ ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥന്‍ ആയിരിക്കുമെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവും കഥാപാത്രത്തിന്. ഈ പ്രോജക്ടിനെക്കുറിച്ച് ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ ആറ്റ്ലിക്കും ഷാരൂഖ് ഖാനുമിടയില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ഭീതി ഒഴിയുന്നപക്ഷം 2021 ആദ്യപകുതിയില്‍ ഈ സിനിമയുടെ ചിത്രീകരണം നടത്താനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. വിജയ് നായകനായ ബിഗില്‍ ആണ് ആറ്റ്ലിയുടെ സംവിധാനത്തിലെത്തിയ അവസാനചിത്രം.

അതേസമയം രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് അടുത്ത് അഭിനയിക്കാനിരുന്നതെന്നും ചിത്രം ഈ വര്‍ഷാവസാനം ഷൂട്ട് ചെയ്യാനിരുന്നതാണെന്നുമാണ് വിവരം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത് മാറ്റിവെക്കേണ്ടിവരുകയായിരുന്നു. പഞ്ചാബ്, കാനഡ എന്നിവിടങ്ങളിലും മറ്റു മൂന്ന് വിദേശ ലൊക്കേഷനുകളിലും ചിത്രീകരിക്കേണ്ട സിനിമയാണ് ഇത്. 2021ല്‍ ഈ ചിത്രവും പൂര്‍ത്തിയാക്കാനാണ് നിലവിലെ പദ്ധതി. എന്നാല്‍ കൊവിഡ് ഭീതി ഒഴിയുന്ന മുറയ്ക്കേ അന്തിമ തീരുമാനം വരൂ.
 

Follow Us:
Download App:
  • android
  • ios