അടുത്തടുത്ത ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ ശ്രദ്ധിക്കപ്പെടാതിരുന്നതിനെത്തുടര്‍ന്ന് കരിയറില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. 2018 ക്രിസ്മസ് റിലീസായി എത്തിയ 'സീറോ'യ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഒരു പുതിയ ചിത്രമോ അനൗണ്‍സ്‌മെന്റോ പുറത്തുവന്നിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വരുന്ന പിറന്നാളിന് (നവംബര്‍ 2) അടുത്ത സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നും ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കിംഗ് ഖാന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഒരു സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ ഹരീഷ് ശങ്കറാണ് കിംഗ് ഖാന്റെ വരാനിരിക്കുന്ന പ്രോജക്ടിനെക്കുറിച്ച് ഒരു വാര്‍ത്താസമ്മേളനത്തിനിടെ വെളിപ്പെടുത്തിയത്. വിജയ് ചിത്രം ബിഗിലിന്റെ പബ്ലിസിറ്റിക്കായുള്ള വാര്‍ത്താസമ്മേളനമായിരുന്നു അത്. ബിഗില്‍ സംവിധായകന്‍ ആറ്റ്‌ലിക്കൊപ്പമുള്ള ഷാരൂഖ് ചിത്രത്തിന്റെ കാര്യം ഉറപ്പിച്ചിരിക്കുകയാണെന്നാണ് ഹരീഷ് പറഞ്ഞത്.

'ഒരു ആരാധകന്‍ എന്ന നിലയില്‍ ഈ സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ആറ്റ്‌ലി സാര്‍ കിംഗ് ഖാന്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണ്. എസ്ആര്‍കെയുടെയും വലിയ ആരാധകനാണ് ഞാന്‍. അതിനാല്‍ ഈ കോമ്പിനേഷന്‍ ഒന്നിക്കുന്ന സിനിമയ്ക്കുവേണ്ടി വലിയ കാത്തിരിപ്പിലാണ്. നിങ്ങളുടെ എല്ലാ പുതിയ പ്രോജക്ടുകള്‍ക്കും ആശംസകള്‍ (ആറ്റ്‌ലിയോട്)', ഹരീഷ് ശങ്കര്‍ പറഞ്ഞു.

ആറ്റ്‌ലി തമിഴില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആവില്ല ഇതെന്നും ഒറിജിനല്‍ സ്‌ക്രിപ്റ്റ് ആയിരിക്കുമെന്നും അറിയുന്നു. ഇത് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമെന്നും തിരക്കഥ ആറ്റ്‌ലി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാന്‍ തന്നെയാവും നിര്‍മ്മാണം. അതേസമയം തെരിക്കും മെര്‍സലിനും ശേഷം ആറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. 25നാണ് ചിത്രത്തിന്റെ റിലീസ്.