എ കെ സാജന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറിൽ ഇന്ന് ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസർ ജോമി ജോസഫ്. വലിയ മുതൽമുടക്കിലും വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു,, സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ എന്നിവർ ഒരുക്കുന്നു.

ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ ജീവിത പോരാട്ടത്തിൻ്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ. പോളച്ചന് ഒരു നിർണ്ണായകഘട്ടത്തിൽ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈ വരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്. പോളിയുടെ ഒരൊന്നൊന്നരവരവ് എന്നു തന്നെ ഇതിനെ പറയാം. ഈ വരവാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്. ഏറെ എളുപ്പത്തിൽ പ്രേക്ഷകരെ പോളച്ചൻ എന്ന കഥാപാത്രത്തിലേക്ക് ആകർഷിക്കും വിധത്തിലുള്ള ഒരു ജനകീയ കഥാപാത്രമാക്കിത്തന്നെയാണ് ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.

മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍, കോട്ടയം രമേശ്, ബാലാജി ശർമ്മ, ചാലി പാലാ,

രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കൈലാസിൻ്റെ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ കെ സാജനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത്. ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സ്റ്റിൽസ് ഹരി തിരുമല, ചീഫ് അസസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ മാനേജേഴ്സ് ശിവൻ പൂജപ്പുര, അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, തേനി, ഇടുക്കി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming