Asianet News MalayalamAsianet News Malayalam

'മലമുകളിലെ മാണിക്യം'; രഞ്ജിത്തിന് ആശംസയുമായി ഷാജി കൈലാസ്

ജീവിതത്തില്‍ പതറിപ്പോകുന്ന ഏതൊരാള്‍ക്കും രഞ്ജിത്തിന്റെ ജീവിതം ഒരു പ്രചോദനമാകുമെന്നും ഷാജി കൈലാസ് കുറിച്ചു.

shaji kailas facebook post about ranjith
Author
Kochi, First Published Apr 12, 2021, 8:40 AM IST

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ച രഞ്ജിത്തിന് അഭിനന്ദനവുമായി സംവിധായകന്‍ ഷാജി കൈലാസ്. അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഓർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചയാളാണ് രഞ്ജിത്തെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.  

മലമുകളില്‍ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട രഞ്ജിത്തിന്റെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ വിനീതരായി അഭിവാദ്യമര്‍പ്പിക്കുന്നു. നീ വിജയത്തിന്റെ മന്ത്രവും ആവേശവുമാണ്. ജീവിതത്തില്‍ പതറിപ്പോകുന്ന ഏതൊരാള്‍ക്കും രഞ്ജിത്തിന്റെ ജീവിതം ഒരു പ്രചോദനമാകുമെന്നും ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലമുകളിലെ മാണിക്യം

അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഇന്നോർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചവനാണ് രഞ്ജിത്ത്. റാഞ്ചിയിൽ IIMൽ ധനതത്വശാസ്ത്ര അധ്യാപകനായി നിയമിതനാവുന്ന രഞ്ജിത്തിന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനവും പ്രേരണയുമാണ്. സാഹചര്യങ്ങളെ പഴിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കാതെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർക്ക് രഞ്ജിത് ഒരു പാഠപുസ്തകവും മാർഗദർശിയുമാകുന്നു. സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളോട് പടപൊരുതിയാണ് രഞ്ജിത്ത് അഭിമാനാർഹമായ ഈ നേട്ടം കരസ്ഥമാക്കിയത്. ഹയർ സെക്കൻഡറിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്ന രഞ്ജിത്തിന് ചുറ്റുപാടുകളുടെ സമ്മർദ്ദം മൂലം പഠനം നിർത്തേണ്ട അവസ്ഥ ഉണ്ടായതാണ്. എന്നാൽ പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിലെ രാത്രികാല സെക്യൂരിറ്റി ജോലിയിൽ നിന്നും കിട്ടിയ പണം കൊണ്ട് രഞ്ജിത്ത് പഠിച്ചു. സെന്റ് പോൾസ് കോളേജിലും സെൻട്രൽ യൂണിവേഴ്‌സിറ്റിയിലും പഠനം പൂർത്തിയാക്കിയ രഞ്ജിത്ത് IIT മദ്രാസിൽ നിന്നുമാണ് Ph.D എടുത്തത്. ഇടക്ക് വെച്ച് Ph.D പഠനം മുടങ്ങിപ്പോവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ രഞ്ജിത്തിന്റെ ഗൈഡിന്റെ ഇടപെടൽ ഈ അവസരത്തിൽ സഹായകമായി. ചെറിയ വീടും ചെറിയ ജീവിത സാഹചര്യങ്ങളും രഞ്ജിത്തിന്റെ വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് തടസ്സമായില്ല. രഞ്ജിത്ത് Ph.D എടുത്തത് ഇന്ത്യയിലെ വ്യവസായ രംഗത്തെ വിദേശ നിക്ഷേപ വരവിന്റെ ഭൂമിശാസ്ത്രപരമായവിതരണം എന്ന വിഷയത്തിലാണ്. ഇന്ത്യയിലെ മികച്ച ധനകാര്യ സ്ഥാപനമായ IIM റാഞ്ചിയിലെ പുതിയ വിദ്യാർത്ഥികൾക്ക് മുന്നിൽ സ്വന്തം ജീവിതവിജയത്തിന്റെ ആത്മബലത്തിൽ രഞ്ജിത്ത് പാഠങ്ങൾ പഠിപ്പിക്കും. രഞ്ജിത്ത്.. നീ എല്ലാ മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുന്നു. മലമുകളിൽ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട നിന്റെ അക്ഷീണ പരിശ്രമങ്ങൾക്ക് മുൻപിൽ ഞങ്ങൾ വിനീതരായി അഭിവാദ്യമർപ്പിക്കുന്നു. നീ വിജയത്തിന്റെ മന്ത്രവും ആവേശവുമാണ്. ജീവിതത്തിൽ പതറിപ്പോകുന്ന ഏതൊരാൾക്കും നിന്റെ ജീവിതം ഒരു പ്രചോദനമാണ്. വിജയങ്ങളുടെ വലിയ ലോകങ്ങൾ നിന്നെ തലകുനിച്ച് ആദരവോടെ സ്വീകരിക്കട്ടെ. ഉത്തമനായ ഒരു അധ്യാപക ശ്രേഷ്ഠനായി നീ തീരട്ടെ. നിനക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും.

Follow Us:
Download App:
  • android
  • ios