മോഹൻലാല്‍ മീശപിരിക്കുമ്പോഴൊക്കെ തിയറ്ററില്‍ ആഘോഷമാണ്. ആരാധകര്‍ ആവേശത്തിലാകാൻ പോന്ന ചാരുതയുണ്ട് അതിന്. വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ നായകനായി നിറഞ്ഞാടുമ്പോള്‍ കഥാപാത്രത്തിന്റെ താളത്തിന് ആ മീശപിരിക്കല്‍ വേര്‍പിരിച്ചെടുക്കാനാകാത്ത വിധം ചേര്‍ത്തിട്ടുണ്ട് ഓരോതവണയും മോഹൻലാല്‍. നരസിംഹം എന്ന സിനിമയിലെ മീശപിരി അപൂര്‍വമായി തോന്നിയ ഒരു കൗതുകമാണ് എന്ന് സംവിധായകൻ ഷാജി കൈലാസ് പറയുന്നു.

 "നരസിംഹത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഞാനത് ശ്രദ്ധിച്ചത്. അദ്ദേഹം രണ്ടു വിരല്‍ കൊണ്ടുമാത്രം മീശയിങ്ങനെ ചലിപ്പിക്കുന്നത്. അതുകണ്ടപ്പോള്‍ അതൊരു ഷോട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. അപ്പോള്‍ ചിരിച്ചുകൊണ്ടുള്ള ലാലിന്റെ മറുപടി ഇങ്ങനെ - 'അണ്ണാ, മീശയില്‍ വെള്ളമായിട്ട് അത് തുടച്ചുകളയാന്‍ വേണ്ടി ചെയ്‍തതാണ്.' ശരിയാണ് ലാല്‍ ഈറനണിഞ്ഞു നില്‍ക്കുകയായിരുന്നു. മീശയിലെ വെള്ളം തുടച്ചുകളയുകയായിരുന്നു അദ്ദേഹം ചെയ്‍തത്. 
പക്ഷേ ഷോട്ടില്‍ അതുണ്ടാക്കിയ ഇംപാക്‍ട് സിനിമയിലുടനീളം നാം കണ്ടതാണല്ലോ" - ഷാജി കൈലാസ് പറയുന്നു. 

ആറാംതമ്പുരാനിലെ ഹരീമുരളീരവം എന്ന ഗാനം പാടിത്തുടങ്ങുന്ന സമയത്ത് മോഹന്‍ലാല്‍ കണ്ണിറുക്കന്ന രംഗം എങ്ങനെയാണ് വന്നതെന്നും ഷാജി കൈലാസ് പറയുന്നു. "റിഹേഴ്‍സല്‍ സമയത്ത് ലാല്‍ എന്നെ നോക്കി കാട്ടിയ ഒരു കുസൃതിയാണ് അത്. ഇത്രയും മതിയോ എന്ന ധ്വനിയായിരുന്നു അതിന്. എനിക്ക് എന്തോ അത് ഭയങ്കര ഇഷ്‍ടമായി. ഷോട്ടിലും അതുപയോഗിക്കാന്‍ ലാലിനോട് പറഞ്ഞു. ഒരു കുസൃതിച്ചിരിയോടെ ലാല്‍ അത് ഷോട്ടിലും ചെയ്‍തിട്ടുണ്ട്" - ഷാജി കൈലാസ് പറഞ്ഞു.

മോഹന്‍ലാലിന് ആനയെ ഭയമാണെന്നും ഷാജി കൈലാസ് പറയുന്നു. ആനയുടെ അടുത്തുപോകാന്‍ പോലും ലാലിന് ഭയമാണ്. ആറാം തമ്പുരാന്റെ ക്ലൈമാക്സ് സീനില്‍ ഒന്‍പതു ആനകളെ വച്ചാണ് ഷൂട്ട് ചെയ്‍തത്. അപ്പോഴൊന്നും ലാല്‍ അതിന്റെ മുമ്പില്‍ പോലും എത്തിയിട്ടില്ല. പകരം എന്റെ പിറകില്‍ വന്ന്, എന്നെപിടിച്ചു നിന്നുകൊണ്ട് അദ്ദേഹം പറയും, ' ആ ആനയുടെ നോട്ടം കണ്ടോ, അതെന്നെ  ആക്രമിക്കും'. അതുപോലെ ആള്‍ക്കൂട്ടത്തേയും ലാലിനു ഭയമാണ്. ഒരുപാട് ആള്‍ക്കൂട്ടമുണ്ടായാല്‍ അദ്ദേഹം വന്നവഴിയേ പോകും. അവിടെ അദ്ദേഹത്തിനു ഡിസ്‍കംഫേര്‍ട്ടാണ്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ നിന്ന് അഭിനയിക്കുന്നതിലല്ല മറിച്ച് ഞെങ്ങിഞെരുങ്ങി നിന്ന് അവര്‍ ഷൂട്ടിംഗ് കാണുന്നത് എന്തോ ശ്വാസംമുട്ടലു പോലെയാണ് മോഹന്‍ലാലിന് - ഷാജി കൈലാസ് പറയുന്നു.

മലയാളത്തില്‍ മോഹന്‍ലാലിനെ വെച്ച് ചിത്രീകരിക്കാന്‍ കഴിഞ്ഞ എല്ലാ സംവിധായകരും മഹാഭാഗ്യവാന്‍മാരാണ് എന്നാണ് എന്റെ പക്ഷം. ആ ഭാഗ്യത്തിലെ പങ്കുകാരനാണ് ഞാനും. ലാല്‍ ഒരേസമയം പ്രതിഭയും പ്രതിഭാസവുമാകുന്നു - ഷാജി കൈലാസ് പറയുന്നു.