സച്ചിയെന്ന വിജയിച്ച ചലച്ചിത്രകാരൻ യാത്രയാകുമ്പോള്‍ മലയാള സിനിമയ്‍ക്ക് പകരം വയ്‍ക്കാനില്ലാത്ത നഷ്‍ടമാണ് അത്. അകാലത്തിലാണ് സച്ചിയുടെ വിയോഗമെന്നും സങ്കടം വര്‍ദ്ധിപ്പിക്കുന്നു. ഒരു ഞെട്ടോലോടെയായിരിക്കും സച്ചിയുടെ വേര്‍പാട് വാര്‍ത്ത എല്ലാവരും കേട്ടത്. മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത് ആണ് സച്ചിയെന്ന് സംവിധായകൻ ഷാജി കൈലാസ് പറയുന്നു.  ഒരു സഹപ്രവർത്തകനെ മാത്രമല്ല,നല്ലൊരു സുഹൃത്തിനെയുമാണ് നഷ്‍ടപ്പെട്ടത്. ഒരുപാട് നേരത്തെയാണ് യാത്രയായത് എന്നും ഷാജി കൈലാസ് പറയുന്നു.

ഷാജി കൈലാസിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

നഷ്‍ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്‍ടം കൂടി. ഒരുപാട് നേരത്തെയാണ്  യാത്ര. കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ.  പ്രതിഭയാർന്ന സംവിധായകൻ. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. അതായിരുന്നു സച്ചി. നഷ്‍ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല. നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്.  നഷ്‍ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴൻ. പകരം വെക്കാനില്ലാത്ത  പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും.