- Home
- Entertainment
- News (Entertainment)
- തലസ്ഥാന നഗരിയിൽ ഇനി മേളക്കാലം; 30-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരശ്ശീല ഉയരും, സ്ക്രീനിങ്ങിന് 206 സിനിമകൾ
തലസ്ഥാന നഗരിയിൽ ഇനി മേളക്കാലം; 30-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തിരശ്ശീല ഉയരും, സ്ക്രീനിങ്ങിന് 206 സിനിമകൾ
സിനിമാ പ്രേമികളുടെ ഒരുവർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് ഇന്ന് തിരിതെളിയും. ഇന്ന് മുതൽ അങ്ങോട്ടുള്ള എട്ട് ദിവസങ്ങൾ തലസ്ഥാന നഗരിയിൽ സിനിമാസ്വാദകരുടെ മേളക്കാല ഓളമായിരിക്കും.

വൈകിട്ട് ആറിന് നിശാഗന്ധിയിൽ
കലയും കലാപവുമുള്ള മലയാളിയെ ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിര്‍വഹിക്കും.
82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകൾ
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളാകും.
82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകൾ
ഡിസംബർ 12 മുതൽ എട്ട് ദിവസം തിരുവനന്തപുരത്തെ 16 തിയറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ കാണികൾക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയാണ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
സ്പിരിറ്റ് ഓഫ് സിനിമ
ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്‌കാരിക മന്ത്രി സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
IFFK
സംവിധായകൻ ഷാജി എൻ കരുണിനെക്കുറിച്ചുള്ള പുസ്തകം 'കരുണയുടെ ക്യാമറ' സാംസ്കാരിക മന്ത്രി അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്യും.
ചലച്ചിത്ര മേള കൈപുസ്തകം
ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാമിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നൽകി പ്രകാശിപ്പിക്കും.
ഡെയിലി ബുള്ളറ്റിൻ
ഡെയിലി ബുള്ളറ്റിൻ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ ബീന പോളിന് കൈമാറി പ്രകാശനം നിർവഹിക്കും.
സിനിമയിൽ 50 വർഷം
സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥ് സാംസ്കാരിക മന്ത്രിയിൽ നിന്ന് ആദരം ഏറ്റുവാങ്ങും. രാജീവ് നാഥ്നെക്കുറിച്ച് അക്കാദമി തയ്യാറാക്കിയ 'തണൽ' പുസ്തകം ടി കെ രാജീവ് കുമാർ കെ മധുവിന് നൽകി പ്രകാശനം ചെയ്യും. ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ എന്നിവർ സംസാരിക്കും. മധുപാൽ, ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് എന്നിവർ പങ്കെടുക്കും.
പലസ്തീൻ 36
ഉദ്ഘാടനശേഷം പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻ മേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

