അൽപ്പനാൾ എങ്കിലും ഉമ്മന്‍ ചാണ്ടിയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി.
സോളാർ കേസിൽ ഉമ്മന്‍ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് ഷമ്മി കുറിച്ചു.
"ഉമ്മൻചാണ്ടി സാർ #മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..! ഒപ്പം..;പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു", എന്നാണ് ഷമ്മി തിലകൻ കുറിച്ചത്.
അതേസമയം, സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. കാലം സത്യം തെളിയിക്കും. എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.വിഷയത്തില്‍ കെ മുരളീധരനും പ്രതികരിച്ചു. സോളാർ കേസിന് പിന്നിൽ പ്രവർത്തിച്ചത് ആരായാലും പുറത്ത് വരണമെന്നും ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് മുഖ്യമന്ത്രി ഇപ്പോൾ അനുഭവിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 2ന് സോളാർ പീഡനക്കേസിൽ നിന്നും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചിരുന്നു. ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതോടെ രാഷ്ട്രീയ കേരളത്തെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച കേസിനാണ് സമാപനം ആയത്.
