കൊവിഡ് 19 ന്‍റെ പ്രഹരത്തില്‍ തൊഴില്‍ നഷ്ടം സംഭവിച്ചവരില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗമാണ് സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍. പല ഭാഷാ സിനിമകളിലെ ഇത്തരം തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ പല പ്രധാന നടന്മാരും ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന നല്‍കിയെങ്കിലും തുകയുടെ വലുപ്പം കൊണ്ട് വാര്‍ത്തകളില്‍ കൂടുതല്‍ ഇടംപിടിച്ചത് തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സ് ആണ്. അഭിനയിക്കുന്ന പുതിയ ചിത്രമായ 'ചന്ദ്രമുഖി 2'ന് ലഭിച്ച അഡ്വാന്‍സ് തുകയായ മൂന്ന് കോടി രൂപയും ലോറന്‍സ് കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇപ്പോഴിതാ ലോറന്‍സിനെ പ്രശംസിച്ചും സൂപ്പര്‍ താരങ്ങളെ പരോക്ഷമായി വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് ഷമ്മി തിലകന്‍. 

ലോറന്‍സ് ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് കോടി നല്‍കിയതറിഞ്ഞ് തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍ സ്റ്റാറുകള്‍ ഉത്കണ്ഠാകുലരാണെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. "ചന്ദ്രമുഖി 2 ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്.. സ്നേഹവും ബഹുമാനവും ലോറന്‍സ്. ഇതറിഞ്ഞ തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും സൂപ്പറുകൾ ഉത്കണ്ഠാകുലർ. ലോറൻസിന്‍റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു", എന്നായിരുന്നു ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാള സിനിമയില്‍ ആരെയാണ് വിമര്‍ശിച്ചതെന്ന ചോദ്യത്തിന് ഷമ്മി തിലകന്‍ കമന്‍റില്‍ ഇങ്ങനെ വ്യക്തമാക്കുന്നു. "ഞാൻ ഉദ്ദേശിച്ചത്.. അമ്മ സംഘടനയിൽ അധീശത്വം ഉള്ളവർ എന്ന് ബഹു. കോമ്പറ്റീഷൻ കമ്മീഷൻ വിധിന്യായത്തിൽ തീർത്തു പറഞ്ഞിട്ടുള്ളവരെക്കുറിച്ചാണ്. ബഹു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ, മലയാള_സിനിമ നിയന്ത്രിക്കുന്ന 15 അംഗ ലോബിയിലെ അംഗങ്ങൾ ആണെന്ന് പറഞ്ഞിരിക്കുന്നതും അമ്മയുടെ സൂപ്പർബോഡി എന്ന പേരിൽ അമ്മ അംഗങ്ങളുടെ ഇടയിൽ കുപ്രസിദ്ധി നേടിയവരുമായ 'ചില' മഹൽവ്യക്തികളെ പറ്റി മാത്രമാണ്.'