Asianet News MalayalamAsianet News Malayalam

ഷെയ്ൻ നിഗമിന് വിലക്ക്; ഏഴ് കോടി നഷ്ടപരിഹാരം നൽകാതെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കുമെന്ന് നിർമ്മാതാക്കൾ.

shane nigam banned from producers association
Author
Kochi, First Published Nov 28, 2019, 2:58 PM IST

കൊച്ചി: യുവനടന്‍ ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ തീരുമാനം. ഇതുവരെ ചെലവായ തുക ഷെയിനിൽ നിന്ന് ഈടാക്കും. രണ്ട് ചിത്രങ്ങൾക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നൽകാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. 

മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്നില്‍ നിന്ന് ഉണ്ടായതെന്നും വിലക്കിന്‍റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശം അനുഭവം മറ്റൊരാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ആരോപിച്ചു. 

ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20  ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.  എന്നാല്‍ ഈ ആരോപണം ഷെയ്ൻ നിഗം തള്ളി. 

Also Read: ഡബ്ബിംഗ് തീര്‍ക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു; ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രതിഷേധം എന്ന് ഫോട്ടോയിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്‍റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്നിന്റെ വെല്ലുവിളിയെ ഗൗരവമായി നേരിടാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

Follow Us:
Download App:
  • android
  • ios