താന്‍ നായകനാവുന്ന പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്സിന്‍റെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ ഷെയ്ന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്

അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് പ്രതികരണവുമായി ഷെയ്ന്‍ നിഗം. പ്രസ്തുത അഭിമുഖത്തിന്‍റെ വീഡിയോ മുഴുവന്‍ കാണാതെ പലരും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ഷെയ്ന്‍ നിഗം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. 

"കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. പിന്നെ അവസരം മുതലെടുത്ത് മതവിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും... തള്ളണം... ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...", ഷെയ്ന്‍ നിഗത്തിന്‍റെ വാക്കുകള്‍.

താന്‍ നായകനാവുന്ന പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്സിന്‍റെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ ഷെയ്ന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഷെയ്നിനൊപ്പം മഹിമ നമ്പ്യാരും ബാബുരാജും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. മഹിമ നമ്പ്യാര്‍- ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍- ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നും അവതാരക പറഞ്ഞു. തനിക്കും അതാണ് ഇഷ്ടമെന്ന് പറഞ്ഞ ഷെയ്ന്‍ പിന്നാലെ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും വിവാദവുമായത്. 

ALSO READ : വിശാല്‍ ചിത്രം 'രത്നം' ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം