കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതിയിൽ തീരുമാനം. ഷെയ്ൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന് നിർവാഹക സമിതി തീരുമാനിച്ചു. വിഷയത്തിൽ താരസംഘടനയായ അമ്മയുമായി തുടർ ചർച്ചകൾക്ക് തയ്യാറെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി താരസംഘടനയായ അമ്മ മുന്‍കൈയ്യെടുത്ത് ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഷെയ്ന്‍ നിഗവുമായി ഇനി സഹകരിക്കില്ലെന്നും രണ്ട് ചിത്രങ്ങള്‍ മുടങ്ങികിടക്കുന്നത് വഴി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നല്‍കണമെന്നുമുള്ള കടുത്ത നിലപാട് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ സ്വീകരിച്ചതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. 

നേരത്തെ ഷെയ്ന്‍ നിഗം ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഇന്ന് കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ ഏഴ് കോടിക്ക് പകരം ഒരു കോടി നിര്‍ബന്ധമായും ലഭിക്കണമെന്ന നിലപാടിലേക്ക് അവര്‍ വന്നു. നഷ്ടപരിഹാരം നല്‍കി കൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന ശക്തമായ നിലപാടാണ് ചര്‍ച്ചയില്‍ താരസംഘടനയായ അമ്മ സ്വീകരിച്ചത്. ഒരു കോടി കിട്ടാതെ ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ ആവര്‍ത്തിച്ചതോടെ ചര്‍ച്ച പരാജയപ്പെട്ടു. 

ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബുരാജും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്‍റെ നിലപാടിലെ അതൃപ്തി തുറന്നടിച്ചു. വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെ കൂടുതല്‍ നിര്‍മ്മാതാക്കള്‍ ഷെയ്ന്‍ നിഗത്തിന് അഡ്വാന്‍സ് നല്‍കി സിനിമകള്‍ കരാറാക്കിയിട്ടുണ്ടെന്ന് ഇടവേള ബാബു വെളിപ്പെടുത്തി. ഈ വിഷയത്തില്‍ ഇതിനോടകം തന്നെ ഷെയ്ന്‍ ഒരുപാട് അനുഭവിച്ചെന്നും ഇത്രയും കാലം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ ഷെയ്ന്‍ നില്‍ക്കേണ്ടി വന്നെന്നും ഇനിയും അതൊന്നും തുടരാന്‍  അംഗീകരിക്കാനാവില്ലെന്നും ഇടവേള ബാബു പറഞ്ഞു. 

ഷെയ്ന്‍ ഉല്ലാസം സിനിമയുടെ ഡബിംഗ് പൂര്‍ത്തിയാക്കിയ ശേഷം ബാക്കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാം എന്ന നിലപാടാണ് നേരത്തെ നിര്‍മ്മാതാക്കള്‍ തങ്ങളോട് സ്വീകരിച്ചിരുന്നത്. ഇതനുസരിച്ച് അമ്മ ആവശ്യപ്പെട്ട പ്രകാരം ഷെയ്ന്‍ ഉല്ലാസത്തിന്‍റെ ഡബിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം പിന്നെയും ഒരു കോടി നഷ്ടപരിഹാരം വേണമെന്ന നിര്‍മ്മാതാക്കളുടെ നിലപാട് ശരിയല്ല - ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇടവേള ബാബുവും ബാബു രാജും പറഞ്ഞു.  അമ്മയുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പേ രാവിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ രാവിലെ യോഗം ചേര്‍ന്ന് വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. 

ഇന്നത്തെ ചര്‍ച്ചയോടെ ഷെയ്നുമായി ബന്ധപ്പെട്ട വിവാദങ്ങളും വിലക്കും അവസാനിക്കും എന്നായിരുന്നു പൊതുവില്‍ പ്രതീക്ഷിച്ചിരുന്നത്.  അമ്മയും നിര്‍മ്മാതാക്കളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ നേരിട്ട് ഇടപെട്ടേക്കും എന്നാണ് സൂചന.