ഷെയ്‍ന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ബര്‍മുഡ'യുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഷെയ്‍നിനും രാജീവ് കുമാറിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഫസ്റ്റ്ലുക്ക് അവതരിപ്പിച്ചത്. നായകനെ അവതരിപ്പിച്ചിരിക്കുന്ന പോസ്റ്ററില്‍ 'മിസ്റ്ററീസ് ഓഫ് മിസ്സിംഗ്' എന്നാണ് ടാഗ് ലൈന്‍ ചേര്‍ത്തിരിക്കുന്നത്.

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേശ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

24 ഫ്രെയിംസിന്‍റെ ബാനറില്‍ സൂരജ് സി കെ, ബിജു സി കെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ തിരുവനന്തപുരമാണ്. മണി രത്നത്തിന്‍റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം രമേഷ് നാരായണ്‍. കലാസംവിധാനം ദിലീപ് നാഥ്. സൗണ്ട് ഡിസൈനര്‍ അജിത്ത് എബ്രഹാം. വിഷ്വല്‍ ഡിസൈനര്‍ മുഹമ്മദ് റാസി. വസ്ത്രാലങ്കാരം സമീറ സനീഷ്. ചമയം അമല്‍ ചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ് കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. നൃത്തസംവിധാനം പ്രസന്ന സുജിത്ത്. സ്റ്റില്‍സ് ഹരി തിരുമല.