ഷെയ്ന്‍ നിഗം എന്ന നടനെ സംബന്ധിച്ച് ഒരു മികച്ച വര്‍ഷമാണ് കടന്നുപോകുന്നത്. പുറത്തെത്തിയ രണ്ട് സിനിമകളിലെയും കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മധു സി നാരായണന്റെ 'കുമ്പളങ്ങി നൈറ്റ്‌സും' അനുരാജ് മനോഹറിന്റെ 'ഇഷ്‌കും'. ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'വലിയ പെരുന്നാളും' ശരത്ത് മേനോന്റെ 'വെയിലും' ഷെയ്‌നിന്റേതായി പുറത്തുവരാനുണ്ട്. അക്കൂട്ടത്തില്‍ മറ്റൊരു സിനിമ കൂടിയുണ്ട്. നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' എന്ന ചിത്രമാണ് അത്.

ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ ഷെയ്‌നിന്റെ ലുക്ക് പുറത്തുവന്നു. ഒരു സ്‌കേറ്റിംഗ് ബോര്‍ഡില്‍ സഞ്ചരിക്കുന്ന മട്ടിലാണ് കഥാപാത്രത്തിന്റെ പുറത്തെത്തിയ സ്റ്റില്‍. സിനിമയുടെ ചിത്രീകരണം ഊട്ടിയില്‍ പുരോഗമിക്കുകയാണ്. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. പവിത്ര ലക്ഷ്മിയാണ് നായിക. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്മാന്‍. 

അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, അംബിക, ബേസില്‍ ജോസഫ് എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. രഞ്ജിത്ത് ശങ്കര്‍, ജീത്തു ജോസഫ് തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റ് ആയിരുന്നു ജീവന്‍ ജോജോ.