ഒടിടിയില്‍ ആര്‍ഡിഎക്സ് പ്രദര്‍ശനം തുടങ്ങിയിട്ടുണ്ട്.

മലയാളത്തിനെ വിസ്‍മയിപ്പിച്ച വിജയം സ്വന്തമാക്കിയ ചിത്രമാണ് ആര്‍ഡിഎക്സ്. വമ്പൻ റിലീസുകള്‍ക്കൊപ്പം എത്തിയാണ് ഇങ്ങനെ ആര്‍ഡിഎക്സ് വിജയം നേടിയത് എന്നതാണ് പ്രത്യേകത. ആര്‍ഡിഎക്സ് വേള്‍‍ഡ്‍വൈഡ് ബിസിനസില്‍ 100 കോടിയില്‍ അധികം നേടിയിരുന്നു. തെലുങ്കിലും ആര്‍ഡിഎക്സ് റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ ഇപ്പോള്‍ സന്തോഷത്തിലാക്കുന്നത്.

യുവ നായകൻമാരുടെ ആര്‍ഡിഎക്സ് ഇന്നലെയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയത്. നെറ്റ്ഫ്ലിക്സിലാണ് ആര്‍ഡിഎക്സ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. മലയാളത്തില്‍ മാത്രമാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. തെലുങ്ക് അടക്കമുള്ള ഭാഷകളിലും ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പായതായാണ് പുതിയ റിപ്പോര്‍ട്ട്.

തെലുങ്കില്‍ മലയാളത്തില്‍ നിന്നുള്ള ഹിറ്റ് ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരുണ്ടാകാറുണ്ട്. അതിനാല്‍ മലയാളത്തില്‍ വിജയിച്ച മിക്ക ചിത്രങ്ങളും തെലുങ്കിലും എത്തിക്കാൻ ശ്രമിക്കാറുണ്ട്. എന്തായാലും ആര്‍ഡിഎക്സ് കാണാൻ തെലുങ്ക് സിനിമാ പ്രേക്ഷകരും കാത്തിരിക്കുന്നു എന്നാണ് അന്നാട്ടിലെ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ആര്‍ഡിഎക്സിന് നേടിയത് 46.8 കോടി രൂപയും ആഗോളതലത്തില്‍ ആകെ നേടിയ ഗ്രോസ് കളക്ഷൻ 84.07 കോടിയും ആണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഷെയ്‍ൻ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും ആര്‍ഡിഎക്സില്‍ പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ യുവ പ്രേക്ഷകര്‍ക്ക് ഒരു ആഘോഷമായി മാറിയിരുന്നു. ഓണം റിലീസായ ഹിറ്റ് ചിത്രത്തിന്റെ സംവിധാനം നവാഗതനായ നഹാസ് ഹിദായത്താണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫറായ അൻപറിവാണ് ആര്‍ഡിഎക്സ് സിനിമയെ ആവേശമാക്കി മാറ്റിയത്. നായകൻമാര്‍ക്ക് ഓരോരുത്തര്‍ക്കും അനുയോജ്യമായ തരത്തിലായിരുന്നു ചിത്രത്തില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി. നഹാസ് ഹിദായത്ത് ആര്‍ഡിഎക്സിലൂടെ പ്രിയ സംവിധായകനുമായി മാറി. നായികയായി എത്തിയത് മഹിമാ നമ്പ്യാരായിരുന്നു. ബാബു ആന്റണിയും ലാലും പ്രധാന കഥാപാത്രങ്ങളായപ്പോള്‍ മാലാ പാര്‍വതിയും ഒരു നിര്‍ണായക വേഷത്തിലുണ്ടായിരുന്നു.

Read More: കളക്ഷനില്‍ മുന്നില്‍ ടൊവിനൊ, രണ്ട് സിനിമകള്‍ മോഹൻലാലിന്, ഇടമില്ലാതെ മമ്മൂട്ടി, 6 സ്ഥാനങ്ങളില്‍ ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക