ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളചിത്രം 'ജല്ലിക്കട്ടി'ല്‍ താന്‍ ഏറെ ആസ്വദിച്ച കാര്യത്തെക്കുറിച്ച് തമിഴ് സംവിധായകന്‍ ഷങ്കര്‍. താന്‍ ഈയിടെ ആസ്വദിച്ച ചിത്രങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ച ഘടകങ്ങളെക്കുറിച്ച് ആരാധകരുമായി സംവദിക്കവെയാണ് ഷങ്കര്‍ ജല്ലിക്കട്ടിന്‍റെ കാര്യവും പറയുന്നത്.

"അടുത്തിടെ ആസ്വദിച്ചത്..

സൂരറൈ പോട്ര് സിനിമ, ജി വി പ്രകാശിന്‍റെ ആത്മാവുള്ള സംഗീതം 

'അന്ധകാര'ത്തിലെ എഡ്‍വിന്‍ സകായ്‍യുടെ ഗംഭീര ഛായാഗ്രഹണം.

മലയാളചിത്രം ജല്ലിക്കട്ടിനുവേണ്ടി പ്രശാന്ത് പിള്ള ഒരുക്കിയ ഏറെ സവിശേഷവും വ്യത്യസ്തവുമായ സംഗീതം", ഷങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

നവംബര്‍ 25നാണ് 'ജല്ലിക്കട്ട്' രാജ്യത്തിന്‍റെ ഔദ്യോഗിക ഓസ്‍കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതായ വാര്‍ത്ത പുറത്തുവരുന്നത്. റിലീസിംഗ് സമയത്തിനു ശേഷം ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സിനിമാപ്രേമികള്‍ക്കിടയില്‍ നടക്കാനും നോമിനേഷന്‍ വാര്‍ത്ത സഹായകരമായി. മലയാളികളല്ലാത്ത നിരവധി സിനിമാപ്രേമികളിലേക്ക് ചിത്രം എത്താനും ഈ വാര്‍ത്ത വഴിയൊരുക്കി. മറുഭാഷകളിലെ യുട്യൂബ് ചാനലുകളിലടക്കം നിരവധി നിരൂപണങ്ങളും ചിത്രത്തെക്കുറിച്ച് പിന്നാലെ എത്തിയിരുന്നു. കഴിഞ്ഞ തവണത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതും ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു.