ഷങ്കറിന്‍റെ പുതിയ ചിത്രം ഗെയിം ചേഞ്ചറും പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു
വലിയ ബജറ്റിലെത്തി നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തിയ ബോക്സ് ഓഫീസ് പ്രകടനം നടത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2. കമല്‍ ഹാസനെ നായകനാക്കി താന്‍ തന്നെ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ക്കിടയില്‍ കള്‍ട്ട് പദവി നേടിയ ഇന്ത്യന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ ഷങ്കറിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രമാണ് ഇന്ത്യന്‍ 2. എന്നാല്‍ ആദ്യ ദിനങ്ങളില്‍ത്തന്നെ ചിത്രത്തെ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു. മൂന്ന് ഭാഗങ്ങള്‍ ഉള്ള ഫ്രാഞ്ചൈസി ആയാണ് ഷങ്കര്‍ ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. മൂന്നാം ഭാഗം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.
ആറ് മാസത്തിനകം ഇന്ത്യന്‍ 3 ന്‍റെ ജോലികള്‍ പൂര്‍ത്തിയാവുമെന്ന് ഷങ്കര്‍ ബിഹൈന്‍ഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിന്‍റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും. "ഇനി ഇന്ത്യന്‍ 3 ല്‍ ആയിരിക്കും എന്‍റെ ശ്രദ്ധ. ചിത്രത്തിന്‍റെ ജോലികള്‍ വളരെ വേഗം ആരംഭിക്കും. ഇപ്പോള്‍ തുടങ്ങിയാല്‍ ആറാം മാസം ചിത്രം പുറത്തിറക്കാന്‍ സാധിക്കും. ഒരുപാട് വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഷൂട്ടിംഗില്‍ ചില പാച്ച് വര്‍ക്കുകളും", ഷങ്കര്‍ പറയുന്നു.
വികടന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ഇന്ത്യന്‍ 2 ന് നെഗറ്റീവ് റിവ്യൂസ് ലഭിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ഷങ്കര്‍ പറയുന്നുണ്ട്. "നല്ല ഒരു ആശയം പങ്കുവെക്കാനാണ് ഞാന്‍ ശ്രമിച്ചത്. ആ നിലയില്‍ ഞാന്‍ സന്തോഷവാനാണ്. വീട് നന്നായാല്‍ നാട് നന്നാവും എന്നത് മനോഹരമായ ഒരു ചിന്തയാണ്. അത് അങ്ങനെ പ്രായോഗികമാവും എന്നത് മറ്റൊരു കാര്യം. എന്നിരിക്കും ആ ചിന്ത പ്രധാനമാണ്", ഷങ്കര്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ത്യന്‍ 2 ന് ശേഷമെത്തിയ ഷങ്കറിന്‍റെ പുതിയ ചിത്രം ഗെയിം ചേഞ്ചറും പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു.
