മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷീല. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ ജെ സി ഡാനിയല്‍ പുരസ്‍കാരവും ഷീലയ്‍ക്കാണ്. അടുത്ത ജൻമത്തില്‍ പത്രക്കാരിയായി ജനിക്കണമെന്നാണ് ആഗ്രഹമെന്നാണ് ഷീല പറയുന്നത്.

ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് റഷ്യൻ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുകയാണ്. ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുമ്പോഴാണ് തന്റെ ആഗ്രഹം ഷീല പറഞ്ഞത്. ഇനിയൊരു ജൻമമുണ്ടെങ്കില്‍ പത്രക്കാരിയായി ജനിക്കാനാണ് മോഹം. നിങ്ങള്‍ ചോദിക്കുന്നതുപോലെ കൌതുകമുള്ള ചോദ്യങ്ങള്‍ നിര്‍ത്താതെ എല്ലാവരോടും ചോദിക്കാമല്ലോ എന്നും ഷീല പറഞ്ഞു.  ചിത്രങ്ങള്‍ വരച്ചതു പ്രദര്‍ശനത്തിനു വേണ്ടിയായിരുന്നില്ല. സ്വന്തം സന്തോഷത്തിനും നേരമ്പോക്കിനുമായിരുന്നു. രാത്രി മൂന്ന് മണിക്കൊക്കെ ഇപ്പോഴും ചിത്രം വരയ്‍ക്കും. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് പ്രദര്‍ശനം നടത്തിയത്. സിനിമയില്‍ അഭിനയിക്കുന്നതിനെക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരയ്‍ക്കുമ്പോള്‍ ലഭിക്കാറുണ്ട്- ഷീല പറഞ്ഞു.