പ്രശസ്തമായ ആലിബാബ: ദസ്താൻ ഇ കാബൂൾ എന്ന സീരിയലിലെ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചു വരികയായിരുന്നു ടുണിഷയും ഷീസാനും. 

മുംബൈ: ഹിന്ദി സീരിയൽ നടി ഷൂട്ടിംഗ് സെറ്റിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒപ്പം അഭിനയിച്ചിരുന്ന നടൻ അറസ്റ്റിൽ. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് നടൻ ഷീസാൻ ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയിലെ വാസിയിലെ സീരിയിൽ ലൊക്കേഷനിൽ വച്ച് നടി ടുണിഷ ശർമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ടുണിഷയും ഷീസാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ടുണീഷയുടെ മരണത്തിന് കാരണം ഷീസാനാണെന്നും കാണിച്ച് നടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.

ഏറെ പ്രശസ്തമായ ആലിബാബ: ദസ്താൻ ഇ കാബൂൾ എന്ന സീരിയലിലെ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചു വരികയായിരുന്നു ടുണിഷയും ഷീസാനും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ രണ്ടാഴ്ച മുൻപ് ഈ ബന്ധം വേ‍ർപിരിഞ്ഞെന്നും പൊലീസിൻ്റെ എഫ്ഐആറിൽ പറയുന്നു. പ്രണയബന്ധം തകർന്നതോടെ ടുണീഷ കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. 

ഷൂട്ടിംഗിനിടെയുള്ള ടീബ്രേക്കിലാണ് നടി ആത്മഹത്യ ചെയ്തത്. ശുചിമുറിയിലേക്ക് പോയ നടിയെ ഏറെ നേരമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നവർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ ആണ് നടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെയായിരുന്നു ഈ സംഭവം. ഉടനെ തന്നെ നടിയെ ഷൂട്ടിംഗ് സംഘം ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. പിന്നാലെ മുംബൈ ജെജെ ആശുപത്രിയിൽ വച്ച് നടിയുടെ പോസ്റ്റ്മോർട്ടം നടത്തി. നടിയുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നും ശ്വാസംമുട്ടിയുള്ള മരണമെന്നാണ് നിഗമെനമെന്നും പൊലീസ് പറഞ്ഞു. എന്നാൽ സംഭവസ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

സോണി ടിവി ഷോയായ 'ഭാരത് കാ വീർ പുത്ര - മഹാറാണാ പ്രതാപ്' എന്ന ഷോയിൽ ബാലതാരമായാണ് തുനിഷ ശർമ്മ അഭിനയ ജീവിതം ആരംഭിച്ചത്. അതിനുശേഷം നിരവധി ഷോകളിലും ഹിന്ദി സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ കത്രീന കൈഫിന്റെ കഥാപാത്രങ്ങളുടെ ബാല്യകാല വേഷങ്ങൾ ടുണീഷ അവതരിപ്പിച്ചു. 'ഇഷ്ക് സുബ്ഹാൻ അല്ലാ', 'ഗബ്ബർ പൂഞ്ച്വാല', 'ഷേർ-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിംഗ്', 'ചക്രവർത്തിൻ അശോക സാമ്രാട്ട്' തുടങ്ങിയ സീരിയലുകളിലും അവർ അഭിനയിച്ചിരുന്നു.