തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ചിത്രം ഏതെന്ന് പ്രഖ്യാപിച്ച് പ്രൈം വീഡിയോ

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് പ്രേക്ഷകരിലേക്ക് പുതിയ സിനിമകള്‍ എത്തിയത് ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്ഫോമുകള്‍ വഴിയാണ്. സിനിമകളുടെ കാര്യമെടുത്താല്‍ ഇന്ത്യയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. വിവിധ ഭാഷകളിലെ പ്രാദേശിക സിനിമകളുടെ കാര്യത്തില്‍പ്പോലും നേട്ടമുണ്ടാക്കിയ മികച്ച തെരഞ്ഞെടുപ്പുകള്‍ നടത്തിയത് പ്രൈം വീഡിയോ ആണ്. നിരവധി മലയാളചിത്രങ്ങളും ഭാഷാഅതിര്‍ത്തികള്‍ക്കപ്പുറത്ത് പ്രേക്ഷകരിലേക്കെത്തിക്കാന്‍ അവര്‍ക്കായി. ഇപ്പോഴിതാ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ചിത്രം ഏതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൈം വീഡിയോ.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി അടുത്തിടെ പ്രൈമിലൂടെ എത്തിയ ബോളിവുഡ് ചിത്രം 'ഷേര്‍ഷാ'യാണ് പ്രൈം വീഡിയോയിലെ നമ്പര്‍ വണ്‍ ചിത്രം. ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറയുന്ന ചിത്രം 4100ല്‍ അധികം ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്ട്രീം ചെയ്‍തെന്ന് പ്രൈം വീഡിയോ അറിയിക്കുന്നു. 210ലേറെ രാജ്യങ്ങളിലും ചിത്രം ലഭ്യമായിരുന്നു. ഐഎംഡിബിയിലെ എക്കാലത്തെയും ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടികയിലും ഷേര്‍ഷാ ഇടംപിടിച്ചിട്ടുണ്ട്. 8.9 ആണ് ഐഎംഡിബിയില്‍ നേടിയിരിക്കുന്ന റേറ്റിംഗ്.

Scroll to load tweet…

ചിത്രത്തിന്‍റെ ജനപ്രീതിയില്‍ നിര്‍ണ്ണായകമായ ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് സിദ്ധാര്‍ഥ് മല്‍ഹോത്ര അടക്കമുള്ള അണിയറക്കാര്‍ നന്ദി അറിയിച്ചിട്ടുണ്ട്. സന്തോഷ് ശിവന്‍റെ അസോസിയേറ്റ് ആയിരുന്നു വിഷ്‍ണുവര്‍ധന്‍ ആണ് ഷേര്‍ഷായുടെ സംവിധാനം. അല്ലാരി നരേഷ് നായകനായ തമിഴ് ചിത്രം 'കുറുമ്പ്' ഒരുക്കി സംവിധാനരംഗത്തേക്ക് 2003ല്‍ എത്തിയ ആളാണ് വിഷ്‍ണു. നിരവധി തമിഴ് ചിത്രങ്ങളും ഒരു തെലുങ്ക് ചിത്രവും നേരത്തെ ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് അരങ്ങേറ്റമായിരുന്നു ഷേര്‍ഷാ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona