"ഈ ചിത്രത്തെ തകർക്കാൻ ആദ്യദിനം മുതൽ തന്നെ ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്"

ചാവേര്‍ സിനിമയ്ക്കെതിരെ നടക്കുന്നത് ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗെന്ന് ആര്‍എസ്പി നേതാവും ചലച്ചിത്ര നിര്‍മ്മാതാവുമായ ഷിബു ബേബി ജോണ്‍. പ്രമേയത്തിന്‍റെ സമകാലിക പ്രസക്തി കൊണ്ട് ശ്രദ്ധ നേടുന്ന ചിത്രമാണ് ചാവേറെന്നും മികച്ച സിനിമാനുഭവമാണ് അത് തനിക്ക് നല്‍കിയതെന്നും ഷിജു ബേബി ജോണ്‍ സോഷ്യല്‍ മീഡിയയിലില്‍ കുറിച്ചു. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണ്‍ ആണ്.

Add Asianetnews as a Preferred SourcegooglePreferred

ചാവേറിനെക്കുറിച്ച് ഷിബു ബേബി ജോണ്‍

ഞാനിന്ന് ചാവേർ കണ്ടു. ചിത്രം മുന്നോട്ടുവയ്ക്കുന്ന പ്രമേയത്തിൻ്റെ സമകാലിക പ്രസക്തി കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മേക്കിങ് സ്റ്റൈൽ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ചൊരു ചിത്രമാണ് ചാവേർ. സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം മനസ് നിറയ്ക്കാൻ ഈ ചിത്രത്തിന് കഴിയുന്നുവെന്നത് നിസാരമല്ല. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാം. നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ രാഷ്ട്രീയ അപചയവും രാഷ്ട്രീയത്തിനുള്ളിലെ ജാതിയതയുമെല്ലാം തുറന്നുകാട്ടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്. എന്നാൽ, ഈ ചിത്രത്തെ തകർക്കാൻ ആദ്യദിനം മുതൽ തന്നെ ബോധപൂർവ്വമായ ശ്രമങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നുവരുന്നുണ്ട്. കാണുക പോലും ചെയ്യാതെ ഒരു നല്ല സിനിമയ്ക്കെതിരെ ഡിഗ്രേഡിങ് നടത്തുന്നത് ഈ സിനിമ തുറന്നു പിടിക്കുന്ന കണ്ണാടിയിൽ സ്വന്തം വൈകൃതം ദർശിക്കുന്നവരാണ്, ഈ സിനിമ പറയുന്ന വസ്തുതകൾ ജനങ്ങളിലേക്ക് എത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ആ കുഴിയിൽ നാം വീഴരുത്. ചാവേർ നാമോരോരുത്തരും തിയേറ്ററിൽ തന്നെ പോയി കാണേണ്ട സിനിമയാണ്. വ്യാജപ്രചരണങ്ങളിൽ വഞ്ചിതരായി മികച്ച സിനിമാനുഭവം നാം നഷ്ടപ്പെടുത്തരുത്. മനോഹരമായ ഒരു തീയേറ്റർ അനുഭവം സമ്മാനിച്ചതിന് സംവിധായകൻ ടിനു പാപ്പച്ചനും തിരക്കഥാകൃത്ത് ജോയ് മാത്യുവിനും അഭിനന്ദനങ്ങൾ.

ALSO READ : 'ലിയോ'യ്ക്ക് ഹൈപ്പ് കൂടുതലാണെന്ന് അഭിപ്രായമുണ്ടോ? വിജയ് ചിത്രത്തിന് ഹൈപ്പ് കൂട്ടിയ 10 കാരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക