'സൂഫിയും സുജാതയും' എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ നിന്നുള്ള പ്രധാന ഒടിടി റിലീസ് ആവാനിരിക്കുകയാണ് 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്'. ടൊവീനോ തോമസ് നായകയാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയും നിര്‍മ്മിച്ചിരിക്കുന്നത് ആന്‍റോ ജോസഫുമാണ്. സിനിമകള്‍ ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നവരുടെ വരും ചിത്രങ്ങളുമായി സഹകരിക്കേണ്ടെന്ന് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നിലപാടെടുത്തിരുന്നു. എന്നാല്‍ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്‍റെ ഒടിടി റിലീസിന്‍റെ കാര്യത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സംഘടന അറിയിച്ചിരുന്നു. ചിത്രം പൈറസി നേരിട്ടുവെന്നും റിലീസ് ഇനിയും നീണ്ടാല്‍ നിര്‍മ്മാതാവിന് വന്‍ സാമ്പത്തികനഷ്ടം സംഭവിക്കുമെന്നും ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്നും ഫിയോക് അറിയിച്ചിരുന്നു. എന്നാല്‍ സിനിമ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് തനിക്കുള്ള സംശയങ്ങള്‍ ഉയര്‍ത്തുകയാണ് മറ്റൊരു നിര്‍മ്മാതാവ്. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി സുശീലനാണ് സമൂഹ മാധ്യമത്തിലൂടെ തന്‍റെ സംശയങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഷിബു ജി സുശീലന്‍റെ കുറിപ്പ്

ആന്‍റോ ജോസഫ് പ്രൊഡ്യൂസ് ചെയ്ത്, ടോവിനോ നായകനായ കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമയുടെ പൈറസി ഏതു സ്റ്റുഡിയോയിൽ നിന്ന് ആണ് പോയത്? ആ സ്റ്റുഡിയോക്ക് എതിരെ കേസ് ഫയൽ ചെയ്‌തോ ? അങ്ങനെ ഒരു സ്റ്റുഡിയോ ഉണ്ടെങ്കിൽ അവിടെ എങ്ങനെ സിനിമ ഇനി വിശ്വസിച്ചു വർക്ക്‌ ചെയ്യാൻ കൊടുക്കും.. സ്റ്റുഡിയോയിൽ നിന്ന് പൈറസി പോയി എങ്കിൽ ആ സ്റ്റുഡിയോയുടെ പേര് എന്ത്? അല്ലെങ്കിൽ വേറെ എങ്ങനെ പൈറസി ഇറങ്ങി.. ഏതായാലും ഇപ്പോൾ ഈ സിനിമയിൽ ബന്ധപെട്ടവർ വഴി അല്ലേ പൈറസി നടക്കൂ.. പ്രേക്ഷകർ വഴി വരാൻ സാധ്യത ഇല്ല.. അപ്പോൾ പ്രൊഡ്യൂസർ ആ സ്റ്റുഡിയോയുടെ പേര് പറയാൻ ബാധ്യസ്ഥൻ 100 ശതമാനം ബാധ്യസ്ഥനാണ്..

ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ ഈ പൈറസിയുടെ സത്യാവസ്ഥ അറിയാൻ ആഗ്രഹമുണ്ട്.. പൈറസി നടത്തിയ സ്റ്റുഡിയോ ഏത്? പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമായി ഈ സ്റ്റുഡിയോയുടെ പേരിൽ നടപടിയേടുക്കേണ്ടതല്ലേ? സ്റ്റുഡിയോയിൽ നിന്ന് അല്ലെങ്കിൽ എങ്ങനെ പൈറസി ഇറങ്ങി? അത് കൂടി വ്യക്തമായി പറയുക..