Asianet News MalayalamAsianet News Malayalam

'ലഹരി ഉപയോഗിച്ചല്ല ഇന്‍റര്‍വ്യൂവിന് എത്തിയത്, അത് വേദനസംഹാരിയുടെ ക്ഷീണം'; ഷൈനിനെക്കുറിച്ച് സുഹൃത്തുക്കള്‍

നിരവധി ട്രോളുകളാണ് അഭിമുഖത്തിനു ശേഷം പുറത്തിറങ്ങിയത്

shine tom chacko interview troll alcohol friends clarification veyil movie
Author
Thiruvananthapuram, First Published Feb 28, 2022, 6:17 PM IST

നടന്‍ ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ ചില അഭിമുഖങ്ങളിലെ (Interviews) ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ ചില അസ്വാഭാവികതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെയില്‍ (Veyil) എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചില അഭിമുഖങ്ങളാണ് ഇത്തരത്തില്‍ വൈറല്‍ ആയത്. ഷൈന്‍ മദ്യപിച്ചിട്ടാവാം എത്തിയതെന്ന് നിരവധി കമന്‍റുകള്‍ ഈ അഭിമുഖങ്ങള്‍ക്കു താഴെ നിറഞ്ഞിരുന്നു. ട്രോള്‍ വീഡിയോകളും (Troll videos) ഈ ദൃശ്യങ്ങളില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ഷൈനിന് സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സിനിമാരംഗത്തെ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍.

ചില സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്‍റെ കാലിന് ഒടിവ് സംഭവിച്ചിരുന്നെന്നും ഒരു മാസം ബെഡ് റെസ്റ്റ് ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്നും ഷൈനിന്‍റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വേദനസംഹാരികളുടെ മയക്കവുമായാണ് ഷൈനിന് പല അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടിവന്നതെന്നും.

മുനീര്‍ മുഹമ്മദുണ്ണിയുടെ കുറിപ്പ്

ട്രോളുകള്‍, ഷെെന്‍ ടോമിന്‍റെ ഇന്‍റര്‍വ്യൂ.. സത്യം എന്താണ്? തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളില്‍ ഫെെറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ഷെെന്‍ ടോം ചാക്കോയുടെ കാലിന് ഒടിവ് സമ്പവിക്കുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷെെന്‍ ടോമിനോട് വെയില്‍ സിനിമക്ക് വേണ്ടി ഇന്‍റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പക്ഷെ അവിടെ ഒരു ഇന്‍റര്‍വ്യൂവിന് പകരം 16 ഇന്‍റര്‍വ്യൂകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യൂകളും കെെവിട്ട് പോവുകയും ചെയ്തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്‍റര്‍വ്യൂവിന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലെെന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷെെന്‍ ടോമുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യൂവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഷൈനിന്‍റെ പരിക്കേറ്റ കാലിന്‍റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടാണ് മുനീറിന്‍റെ പോസ്റ്റ്. സംവിധായകന്‍ പ്രശോഭ് വിജയന്‍ അടക്കമുള്ളവരും ഷൈനിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ അഭിമുഖങ്ങളില്‍ ഷൈനിന് സംഭവിച്ചത് എന്താണെന്ന് തനിക്കറിയാമെന്നും തെറ്റായ പ്രചരണം നടത്തുന്നവരെ ശ്രദ്ധിക്കേണ്ടെന്നും പ്രശോഭ് ഫേസ്ബുക്കില്‍ കുറിച്ചു. ഇത്രയും വേദന അനുഭവിച്ചിരിക്കുന്ന സമയത്ത് സിനിമകളുടെ പ്രമോഷന്‍ ഭാരം ഒറ്റയ്ക്ക് ചുമലില്‍ വഹിക്കേണ്ട കാര്യം ഇല്ലെന്നും.

Follow Us:
Download App:
  • android
  • ios