വിജയ്‍യെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത ബീസ്റ്റിലൂടെയായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ തമിഴ് അരങ്ങേറ്റം

48-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ വിജയ്ക്ക് (Vijay) പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷൈന്‍ ടോം ചാക്കോ (Shine Tom Chacko). നമ്മുടെയെല്ലാം പ്രിയങ്കരനായ ദളപതി നടന്‍ വിജയ്ക്ക് പിറന്നാള്‍ ആശംസകള്‍, ഷൈന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒപ്പം വിജയ്ക്കൊപ്പമുള്ള തന്‍റെ ഒരു പഴയ ചിത്രവും ഷൈന്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. ബീസ്റ്റ് ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് അത്.

വിജയ്‍യെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്‍ത ബീസ്റ്റിലൂടെയായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ തമിഴ് അരങ്ങേറ്റം. എന്നാല്‍ അടുത്തിടെ ബീസ്റ്റിനെ വിമര്‍ശിച്ചുകൊണ്ട് ഷൈന്‍ നടത്തിയ പ്രതികരണം ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ബീസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും സിനിമയെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ കണ്ടിരുന്നുവെന്നുമാണ് ഷൈന്‍ പറഞ്ഞത്. ചിത്രം ഇഷ്ടമായിരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അഭിനയിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകരുടെ ചോദ്യം.

അതേസമയം വിജയ്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പേര് പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വരശ്' എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്കിലും തമിഴിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. 'ഊപ്പിരി', 'യെവാഡു' അടക്കം കരിയറില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ചിത്രത്തില്‍ അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് നായകനാവുന്ന ഏത് ചിത്രത്തിനും എന്നപോലെ വന്‍ കാത്തിരിപ്പാണ് ആരാധകര്‍ക്കിടയില്‍ ഈ ചിത്രത്തിനും ലഭിച്ചിട്ടുള്ളത്.

ALSO READ : പ്രമേഹം മൂർച്ഛിച്ചു, നടൻ വിജയകാന്തിന്‍റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റി