'ഖുറേഷി അബ്രഹാമി'നൊപ്പം ശിവണ്ണനും ? 'എമ്പുരാൻ' വെളിപ്പെടുത്തലുമായി കന്നഡ സൂപ്പർ താരം
എമ്പുരാനില്‍ ശിവരാജ് കുമാര്‍ അഭിനയിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

സമീപകാലത്ത് മലയാളികൾ അടക്കം നെഞ്ചേറ്റിയൊരു നടനുണ്ട്. ജയിലർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിൽ കാമിയോ റോളിൽ വന്നു പോയ കന്നഡ താരം ശിവരാജ് കുമാർ ആയിരുന്നു അത്. നരസിംഹ ആയുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടാം തീയറ്ററുകളിൽ സൃഷ്ടിച്ച ഓത്തിന് അതിരുകൾ ഇല്ലായിരുന്നു. ശിവണ്ണൻ എന്നാണ് കന്നഡക്കാർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കാറ്. ജയിലർ ഇറങ്ങിയതിന് പിന്നാലെ മലയാളികളും അദ്ദേഹത്തെ അങ്ങനെ തന്നെ വിളിച്ചു. അടുത്തിടെ മോഹൻലാലിന്റെ എമ്പുരാനിൽ ശിവരാജ് കുമാർ അഭിനയിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശിവരാജ് കുമാർ.
'ഗോസ്റ്റ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിൽ ശിവരാജ് കുമാർ എത്തിയിരുന്നു. ഇതിനിടെ ആണ് എമ്പുരാനിൽ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യം മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിന്,
അത്തരമൊരു ഓഫർ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ശിവരാജ് കുമാർ പറഞ്ഞത്. എമ്പുരാന്റെ ചർച്ചകൾ നടക്കുക ആണെന്നും രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമാകും എന്നും ശിവരാജ് കുമാർ പറഞ്ഞു.
ശിവരാജ് കുമാറിന്റെ പ്രതികരണത്തിന് പിന്നാലെ ഏറെ ആവേശത്തിലാണ് മലയാളികൾ. 'മാത്യുവും നരസിംഹ'യും വീണ്ടും ഒന്നിക്കാനായി കാത്തിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തായാലും പ്രേക്ഷകരുടെ ശിവാണ്ണൻ എമ്പുരാനിൽ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തിൽ അധികം വൈകാതെ തന്നെ ഒരു തീർപ്പുണ്ടാകുമെന്ന് ഉറപ്പാണ്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഒക്ടോബർ 5ന് ആയിരുന്നു എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ദില്ലിയിൽ ആയിരുന്നു തുടക്കം. ആശിർവാദ് സിനിമാസിനൊപ്പം തെന്നിന്ത്യയിലെ പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളികളാണ്. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രം അടുത്ത വർഷം തിയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..