ഇത്തരമൊരു സംഭവം മുൻപ് കാന്തര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിയറ്റർ റണ്ണിംഗ് സമയത്തും ഉണ്ടായി.
തെന്നിന്ത്യൻ സിനിമ മേഖലയിൽ ചർച്ചയായി മാറിയിരിക്കുകയാണ് തേജ സജ്ജ നായകനായി എത്തിയ 'ഹനു മാന്‍'. സൂപ്പർ ഹീറോ വിഭാഗത്തിൽപ്പെടുന്ന ചിത്രം സർപ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ്. വെറും പതിനഞ്ച് ദിവസം കൊണ്ട് 250കോടിയാണ് ബോക്സ് ഓഫീസിൽ ചിത്രം നേടിയിരിക്കുന്നത്. ഹനു മാൻ വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ഹൈദരാബാദിൽ നിന്നും വന്നൊരു വീഡിയോ വൈറൽ ആകുകയാണ്.
ഹൈദരാബാദിലെ ഉപ്പലിലുള്ള ഏഷ്യൻ മാളിലെ തിയറ്ററിൽ നിന്നുള്ളതാണ് വീഡിയോ. ഹനു മാന്റെ ക്ലൈമാക്സിനോട് അനുബന്ധിച്ചുള്ള പാട്ടിനിടെ ഒരു സ്ത്രീ അനിയന്ത്രിതമായി നിലവിളിക്കുകയും അടുത്തിരിക്കുന്നവരുടെയും നിലത്തും വീണ് ഉരുളുന്നത് വീഡിയോയിൽ കാണാം. ഗാനരംഗത്ത് ഹനുമാന്റെ രൂപം കണ്ടാണ് ഈ സ്ത്രീ ഇത്തരത്തിൽ പെരുമാറിയതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. സ്ത്രീയിൽ നെഗറ്റീവ് എനർജി ഉണ്ടായിരുന്നുവെന്നും അതാണ് ഹനുമാന്റെ രൂപം കണ്ട് അലറി വിളിച്ചതെന്നും ചിലർ കമന്റ് ചെയ്യുന്നു. എന്നാൽ മറ്റുചിലർ നമ്മള്‍ ആധുനിക യുഗത്തിലാണ് ജീവിക്കുന്നതെന്നും ആ സ്ത്രീയ്ക്ക് വല്ല മാനസിക പ്രശ്നവും ഉണ്ടാകുമെന്നുമാണ് ചൂണ്ടിക്കാട്ടിയത്.
ഇത്തരമൊരു സംഭവം മുൻപ് കാന്തര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിയറ്റർ റണ്ണിംഗ് സമയത്തും ഉണ്ടായി. സിനിമ കാണിരുന്ന ആൾ നിയന്ത്രണാതീതമായി നിലവിളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഈ സംഭവത്തിന് പിന്നാലെ കാന്താരയുടെ ഒരു സ്ക്രീനിങ്ങും നിർത്തി വച്ചിരുന്നു.
ജനുവരി 12നാണ് ഹനു മാന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. പ്രശാന്ത് വര്‍മ്മയാണ് സംവിധാനം. അമൃത അയ്യര്‍, വരലക്ഷ്മി ശരത്‍കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോര്‍, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.
