അടുത്തിടെ ആ ചിത്രം തിയേറ്ററിൽ വീണ്ടും കണ്ടപ്പോൾ അതിന്റെ നിർമ്മാണ മികവിൽ അത്ഭുതം തോന്നിയെന്നും അവർ പറഞ്ഞു. നിലവിൽ, ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കി അൻപറിവ് മാസ്റ്റേഴ്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് കമൽ.
കമൽ ഹാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ഹേ റാം'. 2000 ത്തിൽ പുറത്തിറങ്ങിയ ചിത്രം ഇന്ന് ക്ലാസിക് ചിത്രമായി വിലയിരുത്തപ്പെടുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമ ഇറങ്ങിയ സമയത്ത് ആരും കാണാൻ ഉണ്ടായിരുന്നില്ലെന്നും, എന്നാൽ ഇന്ന് ആ ചിത്രത്തെ ക്ലാസിക് ആണെന്ന് പറയുന്നുന്നെന്നും ശ്രുതി ഹാസൻ പറയുന്നു.
"അച്ഛൻ സംവിധാനം ചെയ്ത ഹേ റാം അടുത്തിടെ തിയേറ്ററിൽ നിന്നും കണ്ടു. ഓരോ ഫ്രയിമും അദ്ദേഹം ഒരുക്കിവച്ച രീതി അഭിനന്ദനം അർഹിക്കുന്നതാണ്. ഈ അടുത്ത സിനിമ റീ റിലീസ് ചെയ്തിരുന്നു. ക്യൂബ്സ് തിയേറ്ററിൽ ആ സിനിമ കണ്ടപ്പോഴുണ്ടായ അനുഭവം വിവരിക്കാൻ വാക്കുകളില്ല. അത്രമാത്രം അത്ഭുതമാണ് എനിക്ക്. ഇന്ന് ആ സിനിമയെ പലരും വാനോളം പ്രശംസിക്കുന്നു. കമൽ സാർ എങ്ങനെയാണ് ഗംഭീരമായി ഈ സിനിമ ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ സിനിമ റിലീസായ സമയത് ആരും പ്രശംസിച്ചിട്ടില്ലായിരുന്നു." ശ്രുതി ഹാസൻ പറയുന്നു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതി ഹാസന്റെ പ്രതികരണം.
അതേസമയം തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപറിവ് മാസ്റ്റേഴ്സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമൽ ഹാസന്റെ പുതിയ ചിത്രം. മലയാളത്തിൽ നിന്നും ശ്യാം പുഷ്ക്കരൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.



