താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു.

പൊതുസമൂഹത്തിലും ചര്‍ച്ചയായ അഭിപ്രായവ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ നടത്തുന്ന വാര്‍ഷിക റിപ്പോര്‍ട്ട് അവതരണമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍പ് ജനറല്‍ ബോഡി നടക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗങ്ങള്‍ക്ക് നല്‍കുമായിരുന്നു. എന്നാല്‍ ഇക്കുറി അത് ഉണ്ടാവാതിരുന്നത് അംഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വരവ് ചെലവ് കണക്കുകള്‍ ലഭ്യമാക്കാത്തതില്‍ അംഗങ്ങള്‍ക്കിടെ അമര്‍ഷമുണ്ട്. അതിനിടെ ഭരണസമിതിക്കെതിരെ അവിശ്വസപ്രമേയത്തിന് ഒരു വിഭാഗം അംഗങ്ങള്‍ നീക്കം നടത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനറല്‍ ബോഡിയിലെ ആദ്യ അജണ്ടയായി അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്ന് അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യപ്രകാരം വിഷയം അജണ്ടയില്‍ ചേര്‍ത്തിട്ടുണ്ട്. നിലവിലെ ഭാരവാഹികള്‍ മാറണമെന്ന് നിലപാടെടുത്ത താരങ്ങളാണ് അംഗങ്ങള്‍ക്കിടയില്‍ ഒപ്പ് ശേഖരണം നടത്തി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. നേതൃത്വം സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും എക്സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് പോലും പറഞ്ഞു തീര്‍ക്കാന്‍ സാധിച്ചില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍. സംഭവിച്ച തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറഞ്ഞ് നേതൃത്വം ഒഴിയണമെന്നാണ് അവിശ്വാസം കൊണ്ടുവന്നവര്‍ ആവശ്യപ്പെടുന്നത്. അതേസമയം നിലവിലെ നേതൃത്വത്തെ അപ്പാടെ മാറ്റുക എന്നത് സാങ്കേതികമായി സാധിക്കുന്ന കാര്യവുമല്ല.

അതേസമയം തര്‍ക്കങ്ങള്‍ക്കിടയില്‍ നടക്കുന്ന വാര്‍ഷിക യോഗത്തില്‍ പ്രസിഡന്‍റ് ശ്വേത മേനോന്‍ ചില നിര്‍ദേശങ്ങളൊക്കെ മുന്നോട്ട് വച്ചിട്ടുണ്ട്. അംഗങ്ങളുടെ പെന്‍ഷന്‍ 1500 രൂപ കൂട്ടി 6500 ആക്കണമെന്നതാണ് അതില്‍ പ്രധാനം. സംഘടനയുടെ അടുത്ത ജനറല്‍ ബോഡി തായ്ലൻഡിൽ നടത്തുമെന്നും ശ്വേത മേനോൻ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട്. അതേസമയം മോഹന്‍ലാല്‍ അടക്കമുള്ള പ്രധാന താരങ്ങളില്‍ മിക്കവരും യോഗത്തിന് എത്തിയിട്ടുണ്ട്. സംഘടനയിലെ സമീപകാല തര്‍ക്കങ്ങളില്‍ ഏറ്റവും കേട്ട പേരുകളായ അന്‍സിബ ഹസന്‍, ലക്ഷ്മിപ്രിയ, ടിനി ടോം, ഉണ്ണി ശിവപാല്‍ അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കള്‍ കൂടിയായ ഗണേഷ് കുമാറും രമേഷ് പിഷാരടിയും യോഗത്തിന് എത്തിയിട്ടുണ്ട്. അതേസമയം കണക്കുകളിലൊക്കെ ഇപ്പോഴും അവ്യക്തതയുള്ള സ്ഥിതിക്ക് യോഗത്തില്‍ അവതരിപ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് പാസ്സാവുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming