ആരോഗ്യത്തോടെ പ്രായമാകുന്നതിനെക്കുറിച്ച് നടി ലെന സംസാരിക്കുന്നു
പ്രായമാവുമ്പോഴും കാഴ്ചയിലും പ്രവര്‍ത്തന മേഖലയിലുമൊക്കെ ചെറുപ്പമായി തുടരുന്നതിന്‍റെ ക്ലാസിക്കല്‍ ഉദാഹരണമായി പലപ്പോഴും പറയപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടിയുടേത്. തന്‍റെ പുതിയ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമ്പോള്‍ ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ കമന്‍റുകള്‍ മിക്കപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയിലൂടെ ഏജിംഗ് വെല്‍ എന്ന സങ്കല്‍പത്തെക്കുറിച്ച് പറയുകയാണ് നടി ലെന. ഇക്കാര്യം വിശദീകരിക്കുന്നതിനിടെയാണ് ലെന മമ്മൂട്ടിയുടെ ഉദാഹരണവും പറയുന്നത്. ഇന്‍ഡിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ലെനയുടെ അഭിപ്രായ പ്രകടനം.
“40 വയസിന് ശേഷം നിങ്ങളുടെ കാഴ്ച കുറയുമെന്ന് നിങ്ങളോട് ആരെങ്കിലും പറയാറുണ്ടോ? പക്ഷേ ഹെല്‍ത്ത് ചെക്കപ്പിന് പോയാല്‍ ഡോക്ടര്‍മാര്‍ പറയും. ഒഫ്താല്‍മോളജിസ്റ്റിനെ കണ്ടോളൂ, .25 എങ്കിലും പവര്‍ മാറിയിട്ടുണ്ടാവും എന്ന്. പക്ഷേ നമ്മള്‍ ഇപ്പോഴും എങ്ങനെയാണ് ഡീല്‍ ചെയ്യുന്നത്? കാഴ്ച മങ്ങുന്നു എന്നത് ഒരു നാണക്കേട് പോലെയാണ്. വയസാവുക എന്നത് നാച്ചുറല്‍ അല്ലേ. വയസ് ആവണ്ടേ? പ്രായമാവുന്നത് നമുക്ക് നാണക്കേട് പോലെയാണ്. ഏജിംഗ് എന്നത്. വയസ് കൂടിയേ പറ്റൂ. അതിനെ സ്വാഭാവികമാക്കണം. ഒരു ആന്‍റി ഏജിംഗില്‍ ആണല്ലോ ഇപ്പോള്‍ എല്ലാവരും ജീവിക്കുന്നത്. ആന്‍റി ഏജിംഗ് അല്ല, മറിച്ച് ഹെല്‍ത്തി ലിവിംഗ് ആണ് വേണ്ടത്. 60 വയസുള്ള, ഭയങ്കര ഹെല്‍ത്തി ആയ, ട്രക്കിംഗും മൗണ്ടനീയറിംഗും ഒക്കെ ചെയ്യുന്നവരെ കാണാറുണ്ട്. അവര്‍ ആരോഗ്യത്തില്‍ അത്രയും ഇന്‍വെസ്റ്റ് ചെയ്യുന്നത് കൊണ്ടാണ്. ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് ആണ് നമുക്ക് വേണ്ടത്.”
“ഇപ്പോള്‍ മമ്മൂക്കയെ കണ്ടാല്‍ എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര നന്നായി കാണപ്പെടുന്നത്? ഇത്ര എഫക്റ്റീവ് ആയി കാണപ്പെടുന്നത് എന്തുകൊണ്ടാണ്? എന്താ, അദ്ദേഹത്തിന് പ്രായം കൂടിയില്ലേ? ഡിസിപ്ലിന്‍, സെല്‍ഫ് കെയര്‍, സെല്‍ഫ് ലവ്. സ്വയം ടേക്ക് കെയര്‍ ചെയ്യാനുള്ള കഴിവ് അതുകൊണ്ടൊക്കെയാണ് അത്. ഒരുപക്ഷേ മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളല്ലേ നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരോഗ്യപൂര്‍വ്വം പ്രായമാകുക എന്നതാണ് അത്. ആരോഗ്യ പ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോയേക്കാം. പക്ഷേ നിങ്ങള്‍ വേഗത്തില്‍ റിക്കവര്‍ ചെയ്യും. കാരണം നിങ്ങളുടെ ആരോഗ്യത്തില്‍ നിങ്ങള്‍ അത്ര ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. അതാണ് വേണ്ടത്. അല്ലാതെ ആന്‍റി ഏജിംഗ് ആവാന്‍ വേണ്ടി കുറേ ബോട്ടോക്സും കുറേ ഫില്ലേഴ്സും ഒക്കെ ചെയ്യുകയല്ല വേണ്ടത്. അതൊക്കെ ടോക്സിന്‍സ് ആണ് ബോഡിക്ക്. ശരീരം ഇനി അതുംകൂടെ നേരിടണം. ബോടോക്സ് എന്നാല്‍ ബയോ ടോക്സിന്‍ ആണ്”, ലെനയുടെ വാക്കുകള്‍.

