ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർ 'അമ്മ' നേതൃത്വത്തിൽ വരുന്നത് തടയുമെന്ന് ശ്വേത മേനോൻ പറഞ്ഞു. ഈ പേരുകൾ വെളിപ്പെടുത്താൻ മാലാ പാർവതി ആവശ്യപ്പെട്ടതോടെ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വാദപ്രതിവാദത്തിലേർപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മ സംഘടനയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ പോരാടുമെന്ന് ശ്വേത മേനോൻ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്ന ആ കുറ്റാരോപിതർ ആരൊക്കെയാണെന്ന് ശ്വേത വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാലാ പാർവതി രംഗത്ത് എത്തി. ഈ വർത്തയ്ക്ക് താഴെ വന്ന ശ്വേതയുടെ കമന്റും അതിനുള്ള മറുപടികളും ഇപ്പോൾ ശ്രദ്ധനേടുകയാണ്.
'കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് മാല പാർവതി ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ', എന്നായിരുന്നു ശ്വേത മേനോന്റെ കമന്റ്. ഇതിന്, 'ഇതാണ് താങ്കളുടെ കമൻ്റിന് മറുപടി. ഡിലീറ്റ് ചെയ്യേണ്ടി വരുന്നത് വസ്തുതകളല്ല, അസത്യങ്ങളാണ്. ഞാൻ ഹേമ കമ്മിറ്റി മുമ്പാകെ സംസാരിച്ചത് പരാതിക്കാരിയായിട്ടല്ല. വിഷയത്തെക്കുറിച്ചുള്ള അക്കാദമികവും ഘടനാപരവുമായ കാഴ്ചപ്പാടാണ് അവതരിപ്പിച്ചത്. അന്നത്തെ നടപടിക്രമവും അങ്ങനെയായിരുന്നു. ഞാൻ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി ഒരു FIR രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടി ആവശ്യമുണ്ടായിരുന്നില്ല. അവരുടെ സമ്മതമില്ലാതെ അവരുടെ പേര് ഉപയോഗിക്കപ്പെട്ട സാഹചര്യത്തിൽ, ആ FIR റദ്ദാക്കാൻ ഞാൻ സുപ്രീം കോടതിയെ സമീപിച്ചു. ആരെയെങ്കിലും സംരക്ഷിക്കാനല്ല, പരാതിക്കാരിയുടെ അവകാശം സംരക്ഷിക്കാനാണ്. പരാതിക്കാരിയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും അതനുസരിച്ച് നടപടിയുണ്ടാകുകയും ചെയ്തു. അതുകൊണ്ട് "ആരെയൊക്കെയോ സംരക്ഷിക്കാനാണ് സുപ്രീം കോടതിവരെ പോയത്" എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പിന്നെ, "Hope you will not delete it" എന്ന് എഴുതിയല്ലോ. ഞാൻ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്യുന്നത് അവ എനിക്ക് അസൗകര്യമുണ്ടാക്കുന്നതുകൊണ്ടല്ല; അസഭ്യവും അപകീർത്തികരവും നിയമവിരുദ്ധവുമായ ഉള്ളടക്കം മാത്രമാണ് നീക്കം ചെയ്യാറുള്ളത്. വസ്തുതകൾക്കും മാന്യമായ അഭിപ്രായവ്യത്യാസങ്ങൾക്കും എന്റെ പേജിൽ എപ്പോഴും ഇടമുണ്ട്', എന്നായിരുന്നു മാലാ പാർവതിയുടെ മറുപടി.
പിന്നാലെ പോസ്റ്റുമായി ശ്വേത മേനോനും രംഗത്ത് എത്തി. 'കുറ്റാരോപിതർ ആരൊക്കെയാണെന്നും, ആരെ സംരക്ഷിക്കാനാണ് മാല പാർവതി ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയൂ. എനിക്കറിയാവുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്', എന്ന് കുറിച്ച ശ്വേത. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴി അക്കാദമിക് ആവശ്യങ്ങൾക്കായിരുന്നുവെന്ന് സുപ്രീം കോടതിയിൽ മാലാ പാർവതി പറഞ്ഞ ന്യൂസ് മിനിറ്റ് വാർത്തയുടെ ലിങ്കും പങ്കിട്ടു.



