താരസംഘടനയായ അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോന്‍ അടക്കമുള്ളവര്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷന്‍ രമേഷ് പിഷാരടി
താര സംഘടനയായ അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ച ശ്വേത മേനോന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷന്‍ രമേഷ് പിഷാരടി. കൊച്ചിയില്‍ നടക്കുന്ന അമ്മ അഡ്ഹോക്ക് കമ്മിറ്റി യോഗത്തിനിടെ പ്രതികരിക്കുകയായിരുന്നു രമേഷ് പിഷാരടി. കമ്മിറ്റി അംഗമായ കെ ബി ഗണേഷ് കുമാറും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി വച്ചവര്‍ അതേക്കുറിച്ച് വിശദീകരിക്കണമെന്നും ജനറല്‍ ബോഡി തങ്ങളെ ചുമതല ഏല്‍പ്പിച്ചിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.
പൊതുഹമൂഹത്തെ ഉൾപ്പെടെ ശ്വേത മേനോനും കൂട്ടരും പറ്റിച്ചുവെന്ന് ഗണേഷ് കുമാർ ആരോപിച്ചു. ശ്വേത രാജിക്കത്ത് കൊടുക്കാത്തത് ശ്വേതയുടെ കുഴപ്പമാണ്. കാരണം മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മുന്നില്‍ പ്രഖ്യാപിച്ച രാജി കൊടുക്കേണ്ടത് ശ്വേതയുടെ ചുമതലയാണ്. ഞങ്ങളുടെ ചുമതലയല്ല. അവര്‍ കോടതിയില്‍ പോയാല്‍ അപ്പോള്‍ കാണാമെന്നും അമ്മ ജനറല്‍ ബോഡിയുടേതാണ് അന്തിമ തീരുമാനമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 21 ന് കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെയാണ് സംഘടനാ പ്രസിഡന്‍റ് ശ്വേത മേനോന്‍ അടക്കമുള്ള മുഴുവന്‍ ഭരണ സമിതി അംഗങ്ങളും രാജി വച്ചത്. സംഘടനയില്‍ സമീപകാലത്ത് ഉടലെടുത്ത പ്രശ്നങ്ങളാണ് ഇവരുടെ രാജിയിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് സംഘടനയെ നയിക്കാന്‍ അടിയന്തരമായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. രമേഷ് പിഷാരടി അധ്യക്ഷനായ കമ്മിറ്റിയില്‍ കെ ബി ഗണേഷ് കുമാര്‍, സാദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ഡോ. റോണി ഡേവിഡ്, ആശ അരവിന്ദ്, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങള്‍.



