'മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി എന്നെ ഒരു "ഡോക്ടർ" എന്ന് പരിചയപ്പെടുത്താൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല'.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ബിന്നി സെബാസ്റ്റ്യൻ. ഡോക്ടർ ആയിരുന്ന ബിന്നി അഭിനയത്തോടുള്ള താല്പര്യം കാരണം സീരിയലിലേക്ക് എത്തുകയായിരുന്നു. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായി എത്തി. ഇപ്പോഴിതാ ഡോക്ടേഴ്സ് ദിനത്തിൽ ബിന്നി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. വളരെ കഷ്ടപ്പെട്ടിട്ടാണ് താൻ ഡോക്ടറായതെന്നും കളിയാക്കുന്നവർക്ക് താൻ കടന്നുവന്ന വഴികൾ അറിയില്ലെന്നും ബിന്നി പറയുന്നു. അത്രമേൽ വലിയൊരു കാരണം ഉള്ളതുകൊണ്ടാണ് താൻ ആരോഗ്യമേഖല വിട്ട് അഭിനയത്തിലേക്ക് വന്നതെന്നും അത് പിന്നീട് പറയാമെന്നും ബിന്നി കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''ഞാൻ ഇതുവരെ എന്റെ എം.ബി.ബി.എസ് യാത്രയെക്കുറിച്ച് എവിടെയും സംസാരിച്ചിട്ടില്ല. ഒരു മെഡിക്കൽ വിദ്യാർത്ഥി എന്ന നിലയിലുള്ള എന്റെ ബുദ്ധിമുട്ടുകൾ, ആ ബിരുദം നേടിയെടുക്കാൻ സഹിച്ച കഷ്ടപ്പാടുകൾ, FMGE പരീക്ഷ പാസായത്.. ഒരു സർക്കാർ ഹോസ്പിറ്റലിലെ റെസിഡന്റ് ഡോക്ടർ എന്ന നിലയിലുള്ള എന്റെ ജീവിതം.. ഇതൊന്നും ഞാൻ പങ്കുവെച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പലർക്കും എന്നെ ഒരു നടിയായിട്ടാണ് അറിയാവുന്നത്. എന്നാൽ ഒരു ഡോക്ടറാകാൻ ഞാൻ എന്തൊക്കെയാണ് ത്യജിച്ചതെന്ന് വളരെ കുറച്ചുപേർക്ക് മാത്രമേ അറിയൂ. ഉറക്കമില്ലാത്ത രാത്രികളും, അവസാനിക്കാത്ത ഡ്യൂട്ടികളും, സഹിച്ച നഷ്ടങ്ങളും, പരാജയങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ എനിക്ക് പരിചരിക്കാൻ ഭാഗ്യം ലഭിച്ച മനുഷ്യരുടെ ജീവിതങ്ങൾ വാക്കുകൾക്കെല്ലാമപ്പുറം എന്നെ മാറ്റിമറിച്ചിട്ടുണ്ട്.

മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി എന്നെ ഒരു "ഡോക്ടർ" എന്ന് പരിചയപ്പെടുത്താൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. രോഗികൾ എന്നിൽ അർപ്പിച്ച വിശ്വാസവും, അവരെ സേവിക്കാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ മാത്രം വെച്ച് എന്നെ വിലയിരുത്തുന്നതിന് മുൻപ് ഒന്നുമാത്രം ഓർക്കുക - നിങ്ങൾക്ക് എന്നെ മുഴുവനായും അറിയില്ല. ചില യാത്രകൾ തികച്ചും നിശബ്ദമായിരുന്നു. നമ്മൾ അതിജീവിച്ച എല്ലാ പ്രതിസന്ധികളും ഇന്റർനെറ്റിൽ പങ്കുവെയ്ക്കാനുള്ളതല്ലല്ലോ.

മറ്റുള്ളവരുടെ വിജയത്തിന് പിന്നിലെ കഠിനാധ്വാനവും ത്യാഗവും മനസിലാക്കാതെയാണ് പലരും അസൂയയോടെ സംസാരിക്കുന്നതെന്ന് എനിക്കറിയാം. മെഡിസിൻ വിട്ട് അഭിനയരംഗത്തേക്ക് വന്നതിനെക്കുറിച്ച് നിങ്ങളിൽ പലർക്കും ഒരുപാട് ചോദ്യങ്ങളുണ്ടെന്നുമറിയാം. ഒരു ഡോക്ടറാകാൻ ഇത്രയധികം കഷ്ടപ്പെട്ടിട്ടും, എന്തുകൊണ്ടാണ് ഞാൻ ഇപ്പോൾ പ്രാക്ടീസ് ചെയ്യാത്തതെന്നും, ആ വെള്ളക്കുപ്പായം ഉപേക്ഷിച്ച് അഭിനയം തിരഞ്ഞെടുത്തതെന്നും ഒരു ദിവസം ഞാൻ പറയാം. അത് പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നില്ല. വളരെയധികം ചിന്തിച്ച്, തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടെടുത്ത തീരുമാനമാണ്. ചിലപ്പോഴൊക്കെ നമ്മൾ കൊണ്ടുനടക്കുന്ന പദവികളേക്കാൾ പ്രധാനം നമ്മുടെ മനസമാധാനവും, ലക്ഷ്യബോധവും, ആത്മസംതൃപ്തിയുമാണ്. എന്നെങ്കിലുമൊരിക്കൽ ഞാൻ എന്റെ കഥ പറയുമ്പോൾ, സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത നിങ്ങളിൽ ചിലരെങ്കിലും മനസിലാക്കുമെന്ന് ഞാൻ കരുതുന്നു. മനുഷ്യരെ സുഖപ്പെടുത്താനും ശുശ്രൂഷിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും പ്രയത്നിക്കുന്ന എന്റെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഡോക്ടേഴ്സ് ഡേ ആശംസകൾ. നിങ്ങളെയോർത്ത് എനിക്ക് ഒരുപാട് അഭിമാനമുണ്ട്'', ബിന്നി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക