വര്‍ക്കല: ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്‍റെ അവസാന നാളുകള്‍ ചെലവിടണമെന്ന പിതാവിന്‍റെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കുട്ടിയുടെ കഥയുമായി ശ്യാമപ്രസാദ്. കാസിമിന്‍റെ കടല്‍ എന്ന ചിത്രം സംവിധാനവും തിരക്കഥയും ചെയ്യുന്നത് പ്രശസ്ത സംവിധാകന്‍ ശ്യാമപ്രസാദാണ്. 

കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്‍റെ 'എ സ്‌മോള്‍ ടൗണ്‍ സീ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. നോവലിസ്റ്റ് അനീസ് സലീമിന്റെ ജന്മനാടായ വര്‍ക്കലയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ ശ്യാംദത്തിന്‍റെ മകന്‍ തഷി ശ്യാംദത്താണ് കഥയിലെ കേന്ദ്രകഥാപാത്രമായ കാസിമിന്‍റെ വേഷത്തില്‍ എത്തുന്നത്.

യുവനടന്‍ ഹരീഷ് ഉത്തമനാണ് കാസിമിന്‍റെ പിതാവിന്‍റെ വേഷം ചെയ്യുന്നത്. മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹരീഷിന്‍റെ കരിയറിലെ മികച്ച ബ്രേക്കായിരിക്കും കാസിമിന്‍റെ കടല്‍ എന്നാണ് കണക്കുകൂട്ടുന്നത്. ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മനോജ് നരേയ്‌നാണ് ഛായാഗ്രഹണം