ശ്യാമപ്രസാദിന്റെ ഏറ്റവും പുതിയ ചിത്രം 'ഒരു ഞായറാഴ്ച'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വരുന്ന വെള്ളിയാഴ്ച (29) ചിത്രം തീയേറ്ററുകളിലെത്തും. 'ഹേയ് ജൂഡി'ന് ശേഷം ശ്യാമപ്രസാദിന്റേതായി എത്തുന്ന ചിത്രമാണിത്. നേരത്തേ പുറത്തെത്തിയ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു.

സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ചേര്‍ച്ചകളും ചേര്‍ച്ചക്കുറവുകളുമാണ് ശ്യാമപ്രസാദ് പുതിയ ചിത്രത്തില്‍ വിഷയമാക്കുന്നത്. മികച്ച സംവിധായകന്‍, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച എഡിറ്റിംഗ് എന്നിങ്ങനെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. 

മനോജ് നാരായണ്‍ ഛായാഗ്രഹണം. എഡിറ്റിംഗ് അരവിന്ദ് മന്മഥന്‍. പശ്ചാത്തലസംഗീതം ശ്യാമപ്രസാദ് തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. ഡോ. സതീഷ്, മുരളി ചന്ദ്, സാലി കണ്ണന്‍, മേഘ തോമസ്, രമേഷ് വര്‍മ്മ, നിരഞ്ജന്‍ കണ്ണന്‍, ശ്രീനിധി ഗാംഗുലി, അനുജ കൃഷ്ണന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ ശരത് ചന്ദ്രനാണ് നിര്‍മ്മാണം.