മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'ഷൈലോക്കി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു സംഘട്ടനരംഗത്തില്‍ നിന്നുള്ള മമ്മൂട്ടി കഥാപാത്രത്തിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കില്‍. കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും കാതില്‍ കടുക്കനുമൊക്കെയുണ്ട് കഥാപാത്രത്തിന്. 

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണിത്. ഷൈലോക്ക് ഒരു മാസ്-ആക്ഷന്‍-ഫാമിലി ചിത്രം ആയിരിക്കുമെന്ന് സംവിധായകന്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. മീന, രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്, ബൈജു, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചിയും കോയമ്പത്തൂരുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ക്രിസ്മസിന് തീയേറ്ററുകളിലെത്തും.