നടൻ സൂരി നായകനായ സൂപ്പർ ഹിറ്റ് ആക്ഷൻ ഡ്രാമ ചിത്രം 'മണ്ടാടി' ഒക്ടോബർ 8 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം മഹിമ നമ്പ്യാർ ആണ് നായിക.
നടൻ സൂരി നായക വേഷത്തിൽ എത്തിയ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ചിത്രം മണ്ടാടിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ഒക്ടോബർ 8 മുതൽ ഒടിടിയിൽ കാണാനാകും. റിലീസ് ദിനം മുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മണ്ടാടി ആഗോളതലത്തിൽ ഇതുവരെ 150 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുമാത്രം 100 കോടിയാണ് സൂരി ചിത്രം നേടിയിരിക്കുന്നത്.
മതിമാരൻ പുകഴേന്തി ആണ് മണ്ടാടി സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മഹിമ നമ്പ്യാർ ആയിരുന്നു നായിക വേഷത്തിൽ എത്തിയത്. മണ്ടാടി കേരളത്തില്‍ വിതരണം ചെയ്‍തിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങിയത്. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.
സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്‍തത്.



