തിരുവനന്തപുരം: നടന്‍ സിദ്ദിഖ് രണ്ടുവര്‍ഷം മുന്‍പ്  അപമര്യാദയായി പെരുമാറിയെന്ന നടി രേവതി സമ്പത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ സിനിമയിലെ രംഗം ഷെയര്‍ ചെയ്ത് സിദ്ദിഖ്. ഐ ലവ് യൂ എന്ന്  വിദേശ വനിതയോട് സിദ്ദിഖ് പറയുന്നതും തിരിച്ച് അവര്‍ മീ ടൂ എന്ന് പറയുമ്പോള്‍ മീ ടൂ ക്യാമ്പെയ്‍നാണെന്ന് തെറ്റിദ്ധരിച്ച് സിദ്ദിഖ് ഓടുന്ന ഒരു രംഗമാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്‍റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നുമാണ് രേവതി ഫേസ്ബുക്കിലൂടെ കുറിച്ചത്. മുന്‍പ് ഡബ്ല്യുസിസിയ്‌ക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതി പോസ്റ്റ് പങ്കുവെച്ചത്. ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാവുന്നില്ലെന്ന മുഖവുരയോടെയാണ് രേവതിയുടെ കുറിപ്പ്.