Asianet News MalayalamAsianet News Malayalam

മകളെന്ന കര്‍മ്മലയുടെ അവകാശവാദം തള്ളി ഗായിക അനുരാധ പോഡ്‍വാള്‍, പ്രതികരണമിങ്ങനെ...

അനുരാധയ്ക്കും അരുണ്‍ പോഡ്‌വാളിനും ജനിച്ച മകളാണ് താനെന്ന അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കര്‍മ്മല മോഡെക്സ് എന്ന യുവതി...

Singer Anuradha Paudwal reacts to a woman claims she is her mother
Author
Delhi, First Published Jan 4, 2020, 6:33 PM IST

തന്‍റെ മകളാണെന്ന അവകാശവാദവുമായി യുവതി എത്തിയ സംഭവത്തില്‍ മറുപടി നല്‍കി പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പോഡ്‌വാൾ. അനുരാധയ്ക്കും അരുണ്‍ പോഡ്‌വാളിനും ജനിച്ച മകളാണ് താനെന്ന അവകാശപ്പെട്ട് തിരുവനന്തപുരത്ത് താമസമാക്കിയ കര്‍മ്മല മോഡെക്സ് എന്ന യുവതിയാണ് രംഗത്തെത്തിയത്. മാതൃത്വം അംഗീകരിച്ച് നല്‍കണമെന്ന ആവശ്യവുമായി ജില്ലാ കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി.

ഈ സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ സംസാരിക്കേണ്ട ശരിയായ സമയം ഇതല്ലെന്നായിരുന്നു അനുരാധയുടെ മറുപടിയെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തനിക്ക് ഇത്തരം ബാലിശമായ പ്രസ്താവനകള്‍ക്ക് വിശദീകരണം നല്‍കില്ലെന്നായിരുന്നു അനുരാധയുടെ വിഷയത്തോടുള്ള പ്രതികരണമെന്ന് ഡിഎന്‍എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍മലയുടെ ഹര്‍ജി പരിഗണിച്ച കോടതി ജനുവരി 27ന് നേരിട്ട് ഹാജരാകാന്‍ അനുരാധയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഗായിക അനുരാധയും അരുണ്‍ പോഡ്‌വാളും 1969ലാണ് വിവാഹിതരാവുന്നത്. കര്‍മ്മല ജനിക്കുന്നത് 1974ന് ആണ്. ''അനുരാധയുടെ മകള്‍ കവിത ജനിച്ചത് 1974 ലാണ്. അതുകൊണ്ടുതന്നെ കര്‍മലയുടെ അവകാശവാദം തെറ്റാണ്. കര്‍മല, അനുരാധയുടെ ഭര്‍ത്താവിനെ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം കുറച്ച് നാളുകള്‍ക്ക് മരിച്ചുപോയാണെന്ന് പോലും അവര്‍ക്ക് അറിയില്ല. അനുരാധുടെ മകളാണ് അവളെങ്കില്‍ പണം 50 കോടി ആവശ്യപ്പെടുകയല്ല, അനുരാധയ്ക്ക് പണം നല്‍കുകയാണ് ചെയ്യുക'' - അനുരാധ പോഡ്‍വാളിന്‍റെ വക്താവ് പറഞ്ഞു. 

സംഗീത ജീവിതത്തിലെ തിരക്കുകള്‍ മൂലം കുഞ്ഞിനെ വേണ്ട ശ്രദ്ധ നല്‍കാന്‍ സാധിക്കാതെ വന്നതോടെ പെണ്‍കുഞ്ഞിനെ കുടുംബ സുഹൃത്തായിരുന്ന വര്‍ക്കല സ്വദേശികളായ പൊന്നച്ചന്‍, ആഗ്നസ് ദമ്പതികളെ ഏല്‍പ്പിച്ചുവെന്നാണ് യുവതിയുടെ അവകാശവാദം.

സൈനികനായിരുന്ന പൊന്നച്ചന്‍ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയപ്പോള്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോകാന്‍ വന്നിരുന്നു. എന്നാല്‍ കുട്ടി അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാവാത്തതിനാല്‍ മടങ്ങുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൊന്നച്ചന്‍ തന്നോട് ഈ വിവരം വെളിപ്പെടുത്തിയത്. അന്ന് മുതല്‍ ഗായിക അനുരാധയെ കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുമതി തന്നില്ല. മകളായി അംഗീകരിക്കണമെന്ന ആവശ്യവും അവര്‍ നിരാകരിച്ചു.

പ്രായപൂര്‍ത്തിയായ മറ്റു രണ്ട് മക്കള്‍ അനുവദിക്കില്ലെന്നായിരുന്നു ഗായികയുടെ പ്രതികരണമെന്ന് കര്‍മ്മല അവകാശപ്പെടുന്നു. തനിക്ക് ലഭിക്കേണ്ട മാതൃത്വവും, ബാല്യ കൗമാര കാലങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കര്‍മ്മലയുടെ ആവശ്യം. പൊന്നച്ചന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ 10ാം ക്ലാസിന് ശേഷം തനിക്ക് പഠനം തുടരാന്‍ സാധിച്ചില്ലെന്നും കര്‍മ്മല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios