മഞ്‌‍ജു വാര്യര്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ജി വേണുഗോപാല്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മഞ്‍ജു വാര്യരുടെ ജന്മദിനമാണ് ഇന്ന്. അനേകമനേകം സ്‍ത്രീകളുടെ, കഴിവുള്ള അടിച്ചമർത്തപ്പെട്ട സ്‍ത്രീകളുടെ പ്രതിനിധിയായി മാറി ആളാണ് മഞ്‍ജുവെന്ന് ഗായകൻ ജി വേണുഗോപാല്‍ പറയുന്നു. മഞ്‍ജു വാര്യര്‍ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് ജി വേണുഗോപാല്‍. ദീര്‍ഘമായ ഒരു കുറിപ്പ് എഴുതിയാണ് ജി വേണുഗോപാല്‍ ആശംസകള്‍ നേരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് മഞ്‍ജുവിന്റെ ജന്മദിനം

എക്കാലത്തെയും എന്റെ പ്രിയപ്പെട്ട രണ്ട് അഭിനേത്രികളാണ് ഉർവ്വശിയും മഞ്‍ജുവും. ഇവർ രണ്ട് പേരും അഭിനയിച്ചു എന്ന് പറയുന്നതിലും ശരി, ജീവിതത്തിൽ നമ്മൾ കണ്ടറിഞ്ഞ്, പരിചയപ്പെട്ട പലരേയും, ഓർമ്മയുടെ അതിർവരമ്പുകളിൽ നിന്ന് പൊടി തട്ടിയെടുത്ത് വീണ്ടും മുന്നിൽ ശ്വസിപ്പിച്ച്, ചിരിപ്പിച്ച്, കരയിച്ച്, കുസൃതിച്ച് നിർത്തി എന്നുള്ളതാണ്.

വർഷങ്ങൾക്ക് മുൻപ് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ ചികിത്സയ്ക്ക് കയറുമ്പോൾ മഞ്‍ജു അവിടെയുണ്ട്. മഞ്‍ജുവിന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടം പിടിച്ച ഒരു സമയം, ഏറ്റവും സമ്മർദ്ദം നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നു് പിന്നീട് പത്രവാർത്തകളിൽ നിന്നിറഞ്ഞു. അപ്പോഴും ഞങ്ങളുടെ സംസാരം സംഗീതത്തിലും സിനിമയിലും മാത്രമൊതുങ്ങി നിന്നു. സിനിമയിൽ നിന്നൊക്കെ വിട്ട് നിന്നിരുന്ന മഞ്‍ജു, ഒരുപക്ഷേ ആ മൂന്നാഴ്‍ചകളിലായിരിക്കണം വരാൻ പോകുന്ന വെല്ലുവിളികളെ, ജീവിതസമരങ്ങളെ, നേരിടാൻ വേണ്ട പടക്കോപ്പുകൾ സജ്ജമാക്കിയത്.

സിനിമയ്ക്കപ്പുറം മഞ്‍ജുവിൽ കലാകേരളത്തിന്റെ ഏറ്റവും മികച്ച ഒരു നർത്തകിയുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ജീവിതമുൾപ്പെടെ ഒന്നും വെറുമൊരു 'സിനിമ' അല്ലായിരുന്നിരിക്കണം മഞ്‍ജുവിന്.

അതിന് ശേഷം ഞാൻ മഞ്‍ജുവിനെ നേരിട്ട് കണ്ടിട്ടില്ല. അപൂർവമായി ഫോണിൽ സംസാരിച്ചതല്ലാതെ. ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമാ ജീവിതം, അത് നിർത്തിവച്ച സമയത്തേക്കാൾ ഉജ്വലമായി തിരിച്ച് പിടിക്കാൻ സാധിച്ചെങ്കിൽ, ശാസ്‍ത്രീയ നൃത്തവേദികളിൽ ഏതൊരു ഇരുപത് വയസ്സ്കാരിയെയും ത്രസിപ്പിക്കുന്ന പ്രകടനം കാഴ്‍ചവയ്ക്കാൻ സാധിച്ചെങ്കിൽ അവിടെ ഞാൻ കണ്ടത് ഒരു അസാമാന്യ കലാകാരിയെ മാത്രമല്ല. അനിതരണ സാധാരണമായ ധൈര്യവും, നിശ്ചയദാർഢ്യവും, ദിശാബോധവും, നേർക്കാഴ്ചയും, തന്ത്രവും ഒക്കെയൊത്തിണങ്ങിയ ഒരു സ്‍ത്രീയെയാണ്.

അന്ന് മഞ്‍ജുവുമൊത്തുള്ള ഫോട്ടോ എന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയപ്പോൾ അതിന് താഴെ വന്ന കമന്റുകള്‍ എന്നെ അതിശയിപ്പിക്കുകയും, ദേഷ്യപ്പെടുത്തുകയും, ലജ്ജിപ്പിക്കുകയും ചെയ്തിരുന്നു. ജീവിതമദ്ധ്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഉഴറുന്ന നിരാശയയായ ഒരു സ്‍ത്രീയെ കുറ്റപ്പെടുത്താനും, ആഭാസിക്കാനും നിരവധി പേരുണ്ടായിരുന്നു. 

ഇന്ന് അതേ കേരളത്തിൽ, രോഗം നിറഞ്ഞ ശരീരവും, തലച്ചോറും പേറുന്ന കേരളത്തിൽ മഞ്ജു ഒരു ഐക്കൺ ആണ്. വ്യക്തിപരമായ ഒരു യുദ്ധം മാത്രമല്ലായിരുന്നു മഞ്‍ജുവിന്റേത് . അനേകമനേകം സ്‍ത്രീകളുടെ, കഴിവുള്ള അടിച്ചമർത്തപ്പെട്ട സ്‍ത്രീകളുടെ പ്രതിനിധിയായി മാറി മഞ്‍ജു.

മോതിരവിരലുകളിൽ കുടുക്കിയ അഹന്തയുടെ വജ്രമോതിരം വലിച്ചൂരി, കഴുത്തിലണിയിച്ച കൊലക്കയർ പോലുള്ള പവിഴമാലകൾ പൊട്ടിച്ചെറിഞ്ഞ്, ഉദയവാനിൽ ഉയർന്ന് പറക്കാൻ വെമ്പുന്ന അനേകം കേരള സ്‍ത്രീകളുടെ തനി ആൾരൂപം തന്നെയാണ് മഞ്‍ജു വാര്യർ ! ഈ ഒരു വിജയ യാത്രാപഥത്തിൽ എന്നും മഞ്‍ജുവിന് മനസ്സമാധാനവും സമാനഹൃദയരുടെ പിന്തുണയും അറിയിക്കുന്നു.
ആയുരാരോഗ്യ സൗഖ്യവും നന്മയും നേരുന്നു.