കൊച്ചി: മുഹമ്മദ് റഫി ഗാനങ്ങളിലൂടെ പ്രസിദ്ധനായ കൊച്ചിയുടെ ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം മട്ടാഞ്ചേരിയിലെ സ്വവസതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

മുഹമ്മദ് റഫിയുടെ ആരാധകനായ ആസാദ് അദ്ദേഹത്തിന്‍റെ ഗാനങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍റെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ആസാദ്.

റഫി ഗാനങ്ങള്‍ക്ക് പുറമെ പങ്കജുദാസിന്‍റെ ഗസലുകളും ആസാദിന്‍റെ സ്റ്റേജ് ഷോകളില്‍ നിന്ന് ഒഴുകിയിരുന്നു. കേരള റഫിയെന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളിയില്‍ നടക്കും. 

പിതാവ് യൂസഫാണ് ആസാദിന് റഫി ഗാനങ്ങള്‍ പരിചയപ്പെടുത്തുന്നത്. അദ്ദേഹവും ഹിന്ദിപ്പാട്ടുകള്‍ പാടുമായിരുന്നു. ഭാര്യ - സക്കീന ആസാദ്, മക്കള്‍ - നിഷാദ് ആസാദ്, ബിജു ആസാദ്, മരുമക്കള്‍ ഷംജ നിഷാദ്, ഫെമിന ബിജു.