തൃശ്ശൂര്‍: തൃശ്ശൂരില്‍ നടന്ന അവാര്‍ഡ് നൈറ്റ് ഫങ്ഷനില്‍ കൂടെ പാടിയ ഗായകരുടെയും വേദിയിലുണ്ടായിരുന്നവരുടെയും മനസും കാതും കീഴടക്കി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം. തനിക്കൊപ്പം ഡ്യൂയറ്റ് പാടിയ ഗായികയ്ക്ക് ആലാപനത്തിനിടെ കണ്ണ് നിറഞ്ഞപ്പോള്‍ ചേര്‍ത്ത് പിടിച്ച് കണ്ണീരൊപ്പിയാണ് പ്രിയ ഗായകന്‍ എസ്പിബി കാണികളുടെ മനസ് കീഴടക്കിയത്.

വേദിയില്‍ എസ്പിബിയുടെ തന്നെ എക്കാലത്തെയും ഹിറ്റ് ഗാനം 'മലരേ മൗനമാ'... അദ്ദേഹത്തോടൊപ്പം ആലപിക്കുമ്പോഴാണ് ഗായികയായ ശ്രീമതി മനീഷ വികാരഭരിതയായി കരഞ്ഞത്. പാടുന്നതിനിടെ ഇതു കണ്ട എസ്പിബി അവരെ ചേര്‍ത്ത് പിടിക്കുകയും കണ്ണീര്‍ തുടക്കുകയും ചെയ്തു.

ആലാപനത്തിനിടെ ഹമ്മിംഗ് പാടാനായി മുന്നോട്ട് വന്ന ഗായകന്‍ പാര്‍ത്ഥന് മൈക്ക് പിടിച്ചത് എസ്പിബിയാണ്. മൈക്ക് താന്‍ പിടിച്ചുകൊള്ളാമെന്ന് പാര്‍ത്ഥന്‍ പറഞ്ഞുവെങ്കിലും എസ്പിബി സമ്മതിച്ചില്ല. നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള്‍ എസ്പിബിയുടെ പ്രവര്‍ത്തിയെ സ്വീകരിച്ചത്. സര്‍വ്വചരാചരങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഇതില്‍പരം എന്ത് സന്തോഷമാണ് വേണ്ടതെന്നും കുറിച്ചുകൊണ്ട് ഗായിക മനീഷ പാട്ടിന്‍റെ വീഡിയോ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ദൈവത്തോടൊപ്പമായിരുന്നു ആ നിമിഷങ്ങളില്‍. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തോടൊപ്പം പാട്ടുപാടിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ കരഞ്ഞുപോയി- മനീഷ പറഞ്ഞു. ദൈവം മനുഷ്യനായി മുന്നിലെത്തിയ നിമിഷമായിരുന്നു അതെന്നായിരുന്നു ഗായകന്‍ പാര്‍ത്ഥന്‍റെ പ്രതികരണം. 

വീഡിയോ കാണാം