ലതാ മങ്കേഷ്കര്‍ പാടിയ 'ഇക് പ്യാര്‍ കി നഗ്മാ ഹേ...' എന്ന ഗാനം അതിമനോഹരമായി പാടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഗായികയാണ് റനു മണ്ഡല്‍. കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലിരുന്ന്  ലതാമങ്കേഷ്ക്കറിന്‍റെ പ്രശസ്തമായ ഗാനം അതിമനോഹരമായി പാടിയ റനു സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നിരവധി അവസരങ്ങള്‍ തേടിയെത്തി. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് താരം ഹിമേഷ് രേഷ്മിയയുടെ ചിത്രത്തിലൂടെ ബോളിബുഡില്‍ വരെ റനു മണ്ഡല്‍ എത്തി.

എന്നാല്‍ വീണ്ടും റനു വാര്‍ത്തകളില്‍ നിറയുകയാണ്. റനുവിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വീഡിയോ‌യും തുടർന്നുണ്ടായ വിവാദങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  ‘എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റനുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി ആളുകൾ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്.  

ആൾതിരക്കുള്ള ഒരു കടയിൽ വച്ചാണ്  സംഭവം ഉണ്ടായത്. റനു ആരാധികയെ ശകാരിക്കുന്നത് കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തിയത്. റനുവിന്റെ ഈ പ്രവൃത്തിയെ വിമർശിച്ച് പലരും കമന്റുകൾ രേഖപ്പെടുത്തി.  ജനങ്ങളാണ് നിങ്ങളെ താരമാക്കിയത്, അത് മറക്കരുതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ഉപജീവനത്തിനായി റെയിൽവേ സ്‌റ്റേഷനിൽ ഇരുന്ന് പാട്ടു പാടിയ റനു മണ്ഡാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.