'ബ്രോ ഡാഡി' എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ.

മോഹൻലാല്‍ (Mohanlal) നായകനാകുന്ന പുതിയ ചിത്രമാണ് 'ബ്രോ ഡാഡി' (Bro Daddy). പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിടും. ആദ്യം ഗാനം പുറത്തുവിടുന്ന കാര്യം പൃഥ്വിരാജ് തന്നെയായിരുന്നു അറിയിച്ചത്. ഇപോഴിതാ 'ബ്രോ ഡാഡി' ചിത്രത്തിലെ ഗാനം പുറത്തുവിടുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഗായകൻ വിനീത് ശ്രീനിവാസൻ.

എല്ലാവര്‍ക്കും നമസ്‍കാരം. 'ബ്രോ ഡാഡി'ക്ക് വേണ്ടി താൻ പാടിയ ഗാനം റിലീസാകുകയാണ്. ഒരുപാട് സന്തോഷമുള്ള കാര്യം ദീപകേട്ടന് വേണ്ടി ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമയില്‍ ഞാൻ പാടുന്നത്. അദ്ദേഹത്തിന് വേണ്ടി പാടിയ ഗാനങ്ങള്‍ തനിക്ക് മറക്കാൻ പറ്റാത്തതാണ്. 'നരൻ', 'കരളേ കരളേ' എന്ന ഗാനങ്ങള്‍ പാടിയതിന് ശേഷമാണ് മറ്റ് സംഗീത സംവിധായകരൊക്കെ തന്നെ വിളിച്ചുതുടങ്ങിയത്. അദ്ദേഹത്തിനായി വീണ്ടും എനിക്ക് ഒരു പാട്ട് പാടാനായതിന്റെ ആവേശത്തിലാണ് ഞാൻ. മറ്റ് സംഗീത സംവിധായകരില്‍ നിന്ന് വ്യത്യസ്‍തനാണ് ദീപക് ദേവ്. നമ്മുടെ സൗണ്ട് ടോണ്‍ തിരഞ്ഞെടുക്കാൻ തന്നെ അദ്ദേഹം സമയമെടുക്കും. ഓരോ മൈക്കും ചെക്ക് ചെയ്‍തതിന് ശേഷമാണ് തീരുമാനിക്കുക. വീണ്ടും അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പാടിയപ്പോള്‍ അന്നത്തെ ഓര്‍മകളിലേക്ക് പോയി. ലാല്‍ അങ്കിള്‍ അഭിനയിക്കുന്ന സിനിമ, രാജുവിന്റെ സംവിധാനം, കല്യാണി ഭാഗമാകുന്നു അങ്ങനെ ഒരുപാട് പ്രത്യേകതകളുണ്ട്. ലക്ഷ്‍മി ശ്രീകുമാറാണ് രചന. എം ജി ശ്രീകുമാര്‍ അങ്കിളിനൊപ്പം ഒരു ഡ്യുയറ്റ് പാടുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലെ ചിത്രം 'ഒരു കിളിച്ചുണ്ടൻ മാമ്പഴ'ത്തിലൂടെയാണ് ഞാൻ പിന്നണി ഗാനരംഗത്തേയ്‍ക്ക് വരുന്നത് തന്നെ. 'മരക്കാര്‍' കഴിഞ്ഞ് വീണ്ടുമൊരു സിനിമയാണ് ഇത്. അങ്ങനെ ഒരുപാട് സന്തോഷങ്ങള്‍. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്റെ എല്ലാവര്‍ക്കും ആശംസകള്‍ എന്നും വിനീത് ശ്രീനിവാസൻ പറയുന്നു.

View post on Instagram

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞിരുന്നു. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

കോമഡിക്ക് പ്രധാന്യമുള്ളതാണ് ചിത്രമെന്ന് പുറത്തിറങ്ങിയ ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ ജോഡിയായി മീന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പൃഥ്വിരാജിന്റെ നായിക കല്യാണി പ്രിയദര്‍ശനാണ്.