"എന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് ചെയ്ത രണ്ടു സിനിമകളാണ് അവ"
ചെയ്ത മൂന്ന് സിനിമകളും ഹിറ്റ് ആക്കിയ സംവിധായകനാണ് ഗിരീഷ് എ ഡി. അദ്ദേഹത്തിന്‍റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം പ്രേമലു തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രേമലു റിലീസിനോട് അനുബന്ധിച്ച് കൊടുത്ത ഒരു അഭിമുഖത്തില്‍ ഒരു സിനിമാസ്വാദകന്‍ എന്ന നിലയിലുള്ള തന്‍റെ അഭിരുചികളെക്കുറിച്ച് ഗിരീഷ് പറഞ്ഞിരുന്നു. അധികം ആഘോഷിക്കപ്പെടാതെപോയ ചില ചിത്രങ്ങള്‍ താന്‍ റിപ്പീറ്റ് വാച്ച് ചെയ്യുന്നവയാണെന്നും ശിപായി ലഹള, കല്യാണസൗഗന്ധികം തുടങ്ങിയ ചിത്രങ്ങള്‍ അക്കൂട്ടത്തിലുണ്ടെന്നും ഗിരീഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗിരീഷിന്‍റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ രണ്ട് ചിത്രങ്ങളുടെയും സംവിധായകനായ വിനയന്‍. ശിപായി ലഹളയും കല്യാണ സൗഗന്ധികവും തിയറ്ററുകളില്‍ വിജയിച്ച സിനിമകളാണെന്ന് പറയുന്നു വിനയന്‍.
"എന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് ചെയ്ത രണ്ടു സിനിമകളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും. പ്രേക്ഷകർ ഇഷ്ടപ്പെടുകയും തിയറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായികയാവുന്നത്. ദിലീപിന്‍റെ കരിയറിലെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ, ശ്രദ്ധിക്കാതെ പോയ സിനിമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി."
"അത് ശരിയല്ല ഗിരീഷ്, അന്ന് കൊമേഴ്സ്യൽ ഹിറ്റായിരുന്നു എന്ന് മാത്രമല്ല റിലീസ് ചെയ്തിട്ട് 28 വർഷമായെങ്കിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട്. ടിവിയിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളിച്ച് അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്മെന്‍റ് ആയിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓൺലൈൻ പ്രൊമോഷനോ റിവ്യൂവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫര്‍ ചെയ്താൽ ഈ രണ്ടു സിനിമകളേയും പറ്റിയുള്ള റിപ്പോർട്ടുകൾ ശ്രീ. ഗിരീഷിന് മനസിലാക്കാൻ കഴിയും. ഞാൻ ചെയ്ത കോമഡി സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ട് സിനിമകളും", സോഷ്യല്‍ മീഡിയയില്‍ വിനയന്‍ കുറിച്ചു.
ALSO READ : 'മഞ്ഞുമ്മല്‍ ബോയ്‍സി'ന് ശേഷം മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകള്‍
