രജനികാന്ത് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ വലിയ അഭിപ്രായം ലഭിച്ചു. ചിത്രം തിയേറ്ററില്‍ മുന്നേറുമ്പോള്‍ രജനികാന്ത് നായകനായി സിരുത്തൈ ശിവ ഒരുക്കുന്ന സിനിമയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

എ ആര്‍ മുരുഗദോസ്സിന് ശേഷം സിരുത്തൈ ശിവയാണ് രജനികാന്ത് ചിത്രം ഒരുക്കുന്നതെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ ഇൻട്രോ സോംഗിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ഇൻട്രോ സോംഗ് പാടുന്നത്. ദര്‍ബാറിനു വേണ്ടി എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ചുമ്മാ കിഴി എന്ന ഇൻട്രോ സോംഗ് വൻ ഹിറ്റായിരുന്നു. വിവേകിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദെര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. സിരുത്തൈ ശിവയുടെ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഡി ഇമ്മനാണ്. വിവേക് തന്നെ ഗാനരചന നിര്‍വഹിക്കുന്നുണ്ട്. വെട്രി പളനിസാമിയാണ് സിരുത്തൈ ശിവ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് ശിവനായിരുന്നു.