Asianet News MalayalamAsianet News Malayalam

'മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് പാര്‍വ്വതി ചോദിച്ചു'; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് പറയുന്നു

'പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു.'

sister lini husband sajeesh puthur about parvathy thiruvothu
Author
Thiruvananthapuram, First Published May 26, 2019, 5:24 PM IST

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടേ എന്ന് നടി പാര്‍വ്വതി ഒരിക്കല്‍ തന്നോട് ചോദിച്ച കാര്യം വെളിപ്പെടുത്തി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുതൂര്‍. ലിനി മരിച്ച് മൂന്നാം ദിവസമാണ് പാര്‍വ്വതി തന്നെ വിളിച്ചതെന്നും എന്നാല്‍ വാഗ്ദാനം താന്‍ സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുള്ള അവരുടെ ആരാധകന്‍ കൂടിയായ തന്റെ വ്യക്തിപരമായ അനുഭവം പറയുകയാണ് സജീഷ്.

സജീഷ് പുതൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

"ഉയരെ ഉയരെ പാര്‍വ്വതി.. പാര്‍വ്വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ 'ഉയരെ' കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വ്വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും

അതിനപ്പുറം പാര്‍വ്വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത്.. ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് 'സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി' എന്ന വാക്കുകള്‍ ആണ്. 

പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. 'ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം' എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു. ഒരുപാട് സ്‌നേഹത്തോടെ പാര്‍വ്വതി തിരുവോത്തിന് ആശംസകള്‍.."

അതേസമയം കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'വൈറസ്' പെരുന്നാള്‍ റിലീസായി തീയേറ്ററുകളിലെത്തും. സിസ്റ്റര്‍ ലിനിയെ സിനിമയില്‍ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കല്‍ ആണ്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് അബു തന്നെയാണ് നിര്‍മ്മാണം. 

Follow Us:
Download App:
  • android
  • ios