വലിയ പ്രീ പ്രൊഡക്ഷനും നിരവധി ലൊക്കേഷനുകളും ഉള്ള ചിത്രം
മറ്റു ഭാഷകളിലേക്ക് അവസരങ്ങള്‍ വരുമ്പോള്‍ തെരഞ്ഞെടുപ്പില്‍ ഏറെ അവധാനത കാണിക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിന്‍റെ നേട്ടം അദ്ദേഹം കൊയ്യാറുമുണ്ട്. ഏറ്റവും പുതിയ ഉദാഹരണമാണ് തെലുങ്കില്‍ നിന്നെത്തിയ പാന്‍ ഇന്ത്യന്‍ റിലീസ് സീതാ രാമം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ആഴ്ച കൊണ്ട് ചിത്രം നേടിയത് 40 കോടിയിലേറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.
വലിയ പ്രീ പ്രൊഡക്ഷനും നിരവധി ലൊക്കേഷനുകളും ഉള്ള ചിത്രമായിരുന്നു സീതാ രാമം. ഹിമാചല്‍ പ്രദേശിലെ കാസ, കശ്മീരിലെ സോന്മാന്ഗ്, ശ്രീനഗറിലെ ഡല്ലാകെ, ഗുജറാത്ത്, ഹൈദരാബാദ്, റഷ്യ എന്നിവിടങ്ങളിലൊക്കെ സിനിമ ചിത്രീകരിച്ചിരുന്നു. വെറും ഒരു മിനിറ്റ് ദൈര്‍ഘ്യത്തിലാണ് മനോഹരമായ മേക്കിംഗ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ പല കാലാവസ്ഥകള്‍ ലഭിക്കാനാണ് ലൊക്കേഷനുകളില്‍ ഇത്രയും വൈവിധ്യം വേണ്ടിവന്നത്.
തെലുങ്കില്‍ ദുല്‍ഖറിന്‍റെ രണ്ടാമത്തെ ചിത്രമാണ് സീതാ രാമം. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റം. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രം റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്.
