പിരീഡ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

തെന്നിന്ത്യന്‍ ഭാഷാ സിനിമകളുടെ ഹിന്ദി പതിപ്പുകള്‍ മികച്ച കളക്ഷന്‍ നേടുന്നത് വലിയ വാര്‍ത്തയല്ലാതായി മാറിയിരിക്കുകയാണ് സമീപകാലത്ത്. അല്ലു അര്‍ജുന്‍റെ പുഷ്പ, യഷ് നായകനായ കെജിഎഫ് 2, ഏറ്റവുമൊടുവില്‍ നിഖില്‍ സിദ്ധാര്‍ഥ നായകനായ കാര്‍ത്തികേയ 2 എന്നിവയുടെയൊക്കെ ഹിന്ദി പതിപ്പുകള്‍ ബോക്സ് ഓഫീസില്‍ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാ രാമമാണ് ഹിന്ദി പതിപ്പിന്‍റെ റിലീസിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഉത്തരേന്ത്യന്‍ സിനിമാപ്രേമികളുടെ വന്‍ അഭിപ്രായങ്ങള്‍ നേടുന്നത്. 

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഥാക്കൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത ചിത്രം ഓഗസ്റ്റ് 5 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. പാന്‍ ഇന്ത്യന്‍ വിപണി ഉദ്ദേശിച്ചുതന്നെ നിര്‍മ്മിക്കപ്പെട്ട ചിത്രം പക്ഷേ തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് ഓഗസ്റ്റ് 5 ന് റിലീസ് ചെയ്യപ്പെട്ടിരുന്നില്ല. ഒരു മാസത്തിനിപ്പുറം സെപ്റ്റംബര്‍ 2 ന് ആണ് ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ആദ്യദിന പ്രദര്‍ശനങ്ങള്‍ക്കു ശേഷം വലിയ മൌത്ത് പബ്ലിസിറ്റിയാണ് ട്വിറ്ററില്‍ ചിത്രത്തിന് ലഭിക്കുന്നത്. മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം നല്‍കുന്നതെന്നും മൃണാള്‍ അവതരിപ്പിച്ച മൃണാളില്‍ നിന്നും കണ്ണെടുക്കാനാവില്ലെന്നും ദുല്‍ഖറിന്‍റെ സത്യസന്ധമായ പ്രകടനമെന്നും മികച്ച ഛായാഗ്രഹണമെന്നുമൊക്കെയാണ് ചിത്രത്തെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകളും പ്രേക്ഷകരുമൊക്കെ കുറിക്കുന്നത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മിക്കവരും അഞ്ചില്‍ നാലോ അതില്‍ കൂടുതലോ റേറ്റിംഗ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങള്‍ക്കൊപ്പം സീതാ രാമം ഉണ്ടാവുമെന്നും പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെടുന്നുണ്ട്. ഡോ. ജയന്തിലാല്‍ ഗാഡയുടെ പെന്‍ സ്റ്റുഡിയോസ് ആണ് ചിത്രം ഹിന്ദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പിരീഡ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദുല്‍ഖറിന്‍റെ കരിയറിലെ രണ്ടാമത്തെ തെലുങ്ക് ചിത്രവും. കീര്‍ത്തി സുരേഷ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മഹാനടി ആയിരുന്നു ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. സീതാ രാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു. രാശ്‍മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്‍മികയുടെ കഥാപാത്രത്തിന്‍റെ പേര്. വൈജയന്തി മൂവീസും സ്വപ്‍ന സിനിമയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു.

ALSO READ : ബോളിവുഡ് അരങ്ങേറ്റത്തിന് രശ്‍മിക മന്ദാന; അമിതാഭ് ബച്ചനൊപ്പമെത്തുന്ന 'ഗുഡ്‍ബൈ' ഫസ്റ്റ് ലുക്ക്