Asianet News MalayalamAsianet News Malayalam

'സഹിക്കൂ, ക്ഷമിക്കൂ എന്നല്ല പെണ്‍കുട്ടികളോട് പറയേണ്ടത്'; സിതാര കൃഷ്‍ണകുമാര്‍ പറയുന്നു

"ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത്  കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം!"

sithara krishnakumar reacts to death of women after domestic abuse
Author
Thiruvananthapuram, First Published Jun 22, 2021, 9:03 PM IST

സ്ത്രീധന പീഡനവും യുവതികളുടെ ആത്മഹത്യയും ചര്‍ച്ചയാവുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ഗായിക സിതാര കൃഷ്‍ണകുമാര്‍. സഹിക്കൂ ക്ഷമിക്കൂ എന്നല്ല പെണ്‍കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിക്കേണ്ടതെന്നും കല്യാണമല്ല ജീവിത്തിലെ ഒരേയൊരു ലക്ഷ്യമെന്നും സിതാര ഫേസ്ബുക്കില്‍ കുറിച്ചു.

സിതാര കൃഷ്‍ണകുമാറിന്‍റെ കുറിപ്പ്

"പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത്  കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെൺകുട്ടികളെ... കല്യാണത്തിനായി സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്‍റെ ഒരേയൊരു ലക്ഷ്യം!!"

ശാസ്‍താംകോട്ടയില്‍ ഭര്‍ത്തൃഗൃഹത്തില്‍ വിസ്‍മയ എന്ന യുവതി മരിച്ച സംഭവം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായതിനിടെ വള്ളികുന്നത്തും വിഴിഞ്ഞത്തും പുനലൂരും മൂന്ന് യുവതികള്‍ ആത്മഹത്യ ചെയ്‍ത വാര്‍ത്തകളും പുറത്തെത്തി. അതേസമയം സ്ത്രീധന പീഡനം കാരണം പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങൾ ​ഗൗരവമായി കണ്ട്  കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓൺലൈൻ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാണ്. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ നൽകുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios